പരിഭാഷ

               അഥവാ 

ഉറുമ്പുകളുടെ      

     ധര്‍മ്മസങ്കടം

         ----------------

         ---------------

കവിത-

ലോഹിതാക്ഷന്‍ പുന്നശ്ശേരി

      9947595696


       ഏതോ നീര്‍ച്ചാലിനാല്‍ അക്കരെയിക്കരെ പെട്ടുപോയ ഉറുമ്പുകള്‍ ധര്‍മ്മസങ്കടത്തിലായി !/

        പെെതങ്ങളും പെെദാഹത്തിന്‍റെ പോംവഴികളും അക്കരെ ;

കാഴ്ചകള്‍ വന്നടിഞ്ഞ് കണ്ണ് പോയവരും കേള്‍വികള്‍ വീണ് ബധിരരായവരും ഇക്കരെ !/

   സംഘം ചേര്‍ന്നാലേ ശക്തരാകൂ എന്നറിയാവുന്ന ഉറുമ്പുകള്‍ക്ക് ഒരു സംശയം മാത്രം;

പുല്‍ക്കൊടിപ്പാലം കടന്ന് ഇടത്തോട്ടോ വലത്തോട്ടോ ?

അഭിപ്രായങ്ങള്‍  കൂടുകയും വാശിയേറുകയും ചെയ്യുമ്പോള്‍ ഒരുപക്ഷം പാലത്തിലേറിയാലോ ?

മറുപക്ഷം പിടിച്ചിറക്കും ;പാലംകടന്നവര്‍ പെെദാഹപ്പോംവഴികള്‍ പൊതുമാളം മറന്ന് പലമാളങ്ങളില്‍ തിരുകുമെന്നും പരാതിയുണ്ട്./

അതുകൊണ്ട് ആരും അക്കരെയെത്തുന്നില്ല !/

ഉത്ഭവസ്ഥാനത്തിന്‍റെയും ഉടല്‍നിറത്തിന്‍റെയും പേരില്‍,അവര്‍ `മേല്മാളനായും ' `കീഴ്മാളനായും `വര്‍ണ്ണനായും' `വരയനായും' ശകലിതരായി !/

      ഹൃദയത്തില്‍ നിന്ന് ബുദ്ധിയിലേക്ക് ചാനല്‍ മാറ്റിയും ,നിഴല്‍പ്പാമ്പുകളെക്ക്കൊണ്ട്  കൊത്തിച്ചും കെെക്കളിപ്പെട്ടിയില്‍  കെെയാങ്കളി കളിച്ച് കൗമാരങ്ങള്‍ കാണാത്ത ലോകങ്ങള്‍ കാണവേ,ഹൃദയവാഹിനി വറ്റി ഇക്കരെ ;

അരുമകളുടെ പുലരി വറ്റി അക്കരെ !!/

   അക്ഷരപ്പൊള്ളലേല്ക്കാതെ ഇന്ന് ഇന്നലെ യിലേക്കും,പിന്നെ വിസ്മൃതിയിലേക്കും പറന്നു !/

     ഒരുറുമ്പിന് മറ്റൊന്നിനോട് ഒന്നും പറയാനില്ലാത്തതായിരുന്നു അവരുടെ ഏറ്റവും വലിയ ദുഃഖം !/

അടരാത്ത പൂവും, അടയാത്ത കണ്ണും ,അണയാത്ത ദീപവും വിതറുന്ന വര്‍ണ്ണപരാഗങ്ങള്‍ അവരുടെ കുഞ്ഞിക്കണ്ണ് തുറപ്പിക്കാറില്ല ;

ഉറുമ്പുകള്‍ സ്വപ്നം കാണാറില്ലല്ലോ !!/

    ഏകാന്തവിഹ്വലതയുടെ പലകപ്പുറത്ത് വൃദ്ധയും,മൂകതയില്‍ ഗ്രാമവും,തരിശുനിലത്ത് കര്‍ഷകനും എഴുതുന്ന രക്തവര്‍ണ്ണങ്ങള്‍ എന്നപോലെ ,

പരിഭാഷപ്പെടാത്തത്കൊണ്ടാവാം പഥികരിക്കരെയും ,പെെതങ്ങള്‍ അക്കരെയും !/

 അല്ലെങ്കില്‍ ,

ഉണ്ടാകുമായിരുന്നു അന്തഃസംഘര്‍ഷങ്ങളിലെ വിയര്‍പ്പില്‍ പ്രളയവും അടുപ്പിന്‍റെ നെഞ്ചില്‍ അഗ്നിപര്‍വ്വതങ്ങളും !!


                           ******************