ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഇനി വീട്ടിലിരുന്നും ഓണ്‍ലൈനായി പുതുക്കാം


വിവിധ ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽപേർ ഉപയോഗിക്കുന്ന തിരിച്ചറിയൽ രേഖയാണ് ആധാർകാർഡ്. കോവിഡ് വ്യാപനത്തെതുടർന്ന് ആധാർ ഇൻ്റർനെറ്റ് കഫേയിലോ  സേവാകേന്ദ്രത്തിൽപോയോ കാർഡിൽമാറ്റംവരുത്താൻ സാധിക്കാത്ത അവസ്ഥയിലാണ് പലരും.


ഈ സാഹചര്യം കണക്കിലെടുത്ത് വീട്ടിലിരുന്നും രേഖകൾ ഓൺലൈനായി പുതുക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)അധികൃതർ.


പേര്, ജനന തിയതി, ലിംഗം, വിലാസം, ഭാഷ എന്നിവ പുതുക്കാൻ ഇനി ആധാർ സേവാകേന്ദ്രങ്ങളിൽ പോകേണ്ടതില്ല. ബയോമെട്രിക് ഉൾപ്പടെയുള്ളവയ്ക്ക് സേവനകേന്ദ്രങ്ങളുടെ സഹായംതേടേണ്ടിവരും.


ആധാർ വിവരങ്ങൾ ഓൺലൈനിൽ പുതുക്കാൻ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിരിക്കണമെന്ന് നിർബന്ധമാണ്. മൊബൈലിൽ ലഭിക്കുന്ന ഒടിപി നൽകിയാൽമാത്രമെ പുതുക്കൽ സാധ്യമാകൂ.


ആധാറിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറും ഇ-മെയിലും പരിശോധിക്കുന്നതിന് യുഐഡിഎഐയുടെ വെബ്സൈറ്റിൽ സൗകര്യമുണ്ട്. സൈറ്റിൽ ആധാർ നമ്പർ, ഇ-മെയിൽ വിലാസമോ മൊബൈൽ നമ്പറോ നൽകി സെക്യൂരിറ്റി കോഡ് ടൈപ്പ് ചെയ്യുക.


ഉടനെ ഇ-മെയിലിൽ ഒടിപി ലഭിക്കും. നിശ്ചിത സ്ഥലത്ത് ഒടിപി നൽകിക്കഴിഞ്ഞാൽ പരിശോധനയ്ക്കുശേഷം ഇ-മെയിൽ സ്ഥിരികരിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിക്കും. അതുപോലെ മൊബൈൽ നമ്പർ പരിശോധിക്കാൻ, ഇ-മെയിലിനുപകരം മൊബൈൽ നമ്പർ നൽകാം. ഒടിപി നൽകി ഇക്കാര്യവും സ്ഥിരീകരിക്കാം.