അക്ഷര വാർത്തകൾ
2021 ജനുവരി 24 | 1196 മകരം 11 | ഞായർ | , 24.01.2021
🔳റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡ് നടത്താന്‍ ഡല്‍ഹി പോലീസ് അനുമതി നല്‍കിയെന്ന് അവകാശപ്പെട്ട് കര്‍ഷക സംഘടനാ നേതാക്കള്‍. ഘാസിപുര്‍, സിംഘു, ടിക്രി അതിര്‍ത്തികളില്‍ നിന്നാകും ട്രാക്ടര്‍ പരേഡുകള്‍ ആരംഭിക്കുകെയന്നും വിശദാംശങ്ങള്‍ ഉടന്‍ തീരുമാനിക്കുമെന്നും കര്‍ഷക സംഘടനാ നേതാവ് അഭിമന്യു കോഹര്‍ പറഞ്ഞു.
🔳ട്രാക്ടര്‍ റാലിക്ക് അനുമതി കിട്ടിയെന്ന കര്‍ഷകരുടെ അവകാശവാദത്തിന് പിന്നാലെ വിശദീകരണവുമായി ദില്ലി പൊലീസ്. റാലിയുടെ സഞ്ചാര പാത സംബന്ധിച്ച് കര്‍ഷക സംഘടനകളില്‍ നിന്ന് രേഖാമൂലം അപേക്ഷ ലഭിച്ചാല്‍ മാത്രമാകും അന്തിമ തീരുമാനമെന്ന് ദില്ലി പൊലീസ് അറിയിച്ചു.
🔳കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിയും കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
🔳കോവിഡ് മഹാമാരിക്കെതിരെയുളള പോരാട്ടത്തില്‍ ഇന്ത്യ മറ്റുരാജ്യങ്ങളെ സഹായിക്കുന്നത് കണ്ട് നേതാജി സുഭാഷ് ചന്ദ്ര ബോസ് അഭിമാനിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയലില്‍ നേതാജിയുടെ 125-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുളള അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
🔳സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ വര്‍ധിപ്പിക്കാനും കൃത്യമായി അടുത്ത ഘട്ട വാക്സിനേഷന്‍ ആരംഭിക്കാനും ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ എത്രയും വേഗം വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.133 കേന്ദ്രങ്ങളാണ് സംസ്ഥാനത്തിന് ആദ്യഘട്ടമായി അനുവദിച്ചത്. കൂടുതല്‍ വാക്സിന്‍ എത്തിയതോടെ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിക്കൊണ്ടിരിക്കുകയാണ്.
🔳പ്രതിപക്ഷനേതാവ് നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് ബദലായി രാഷ്ട്രീയ പ്രചാരണ യാത്രയ്ക്ക് എല്‍.ഡി.എഫും ഒരുങ്ങുന്നു. തെക്കന്‍-വടക്കന്‍ മേഖലാ ജാഥകള്‍ നടത്താന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. 27ന് ചേരുന്ന ഇടതുമുന്നണിയോഗത്തിന് ശേഷം ഇതിന്റെ പ്രഖ്യാപനമുണ്ടാകും. വികസനമുന്നേറ്റം രാഷ്ട്രീയ അജണ്ടയാക്കി പ്രചാരണം ഏറ്റെടുക്കണമെന്നും സി.പി.എം തീരുമാനിച്ചിട്ടുണ്ട്.
🔳മരണംവരെ അല്ലെങ്കില്‍ തോറ്റുപിന്മാറുന്നതുവരെ മത്സരിക്കുകയെന്ന കോണ്‍ഗ്രസിന്റെ സമീപനമല്ല സി.പി.എമ്മിനുള്ളതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. മത്സരിക്കുന്നതിന് രണ്ടുതവണ കാലപരിധി എന്ന പൊതുസമീപനത്തില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും അതേസമയം, സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കേണ്ടവര്‍ക്ക് ഇതില്‍ ഇളവുനല്‍കുമെന്നും വിജയരാഘവന്‍ പറഞ്ഞു.
🔳അന്തസ്സുളള നിയമസഭാ പ്രവര്‍ത്തനമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം യു.ഡി.എഫ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനപക്ഷത്ത് നിന്ന് ക്രിയാത്മക പ്രതിപക്ഷമായാണ് പ്രവര്‍ത്തിച്ചതെന്നും അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് ചെന്നിത്തല വിശദീകരിച്ചു. ഇടതുപക്ഷം പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ ചെയ്യുന്നതുപോലെ സ്പീക്കറുടെ കസേര തല്ലിപ്പൊളിക്കുകയോ എല്ലാത്തിനെയും കണ്ണുമടച്ച് എതിര്‍ക്കുകയോ ചെയ്തിട്ടില്ലെന്നും ചെന്നിത്തല.
🔳വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതി കാട്ടാനായുടെ ആക്രമണത്തില്‍ മരിച്ചു. കണ്ണൂര്‍ ചേലേരി സ്വദേശിയും അധ്യാപികയുമായ ഷഹാന (26) ആണ് മരിച്ചത്. മേപ്പാടി എളമ്പിലേരിയില്‍ സ്വകാര്യ റിസോര്‍ട്ടിലെ ടെന്റിലെ താമസിക്കുമ്പോഴാണ് കാട്ടാന അക്രമിച്ചത്. ചില റിസോര്‍ട്ടുകള്‍ ടെന്റുകളില്‍ സഞ്ചാരികള്‍ക്ക് താമസ സൗകര്യമൊരുക്കുന്നത് ഈയിടെയായി വര്‍ധിച്ചു വന്നിട്ടുണ്ട്. വേണ്ടത്ര സുരക്ഷിതത്വമൊരുക്കാതെയാണ് ഈ താമസമെന്നാണ് ആരോപണം.
🔳കേരളത്തില്‍ ഇന്നലെ 61,066 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6960 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ് -19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3587 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 499 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5283 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 72,048 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 1083, കോഴിക്കോട് 814, കോട്ടയം 702, കൊല്ലം 684, പത്തനംതിട്ട 557, മലപ്പുറം 535, തിരുവനന്തപുരം 522, ആലപ്പുഴ 474, തൃശൂര്‍ 401, കണ്ണൂര്‍ 321, വയനാട് 290, ഇടുക്കി 256, പാലക്കാട് 234, കാസര്‍കോട് 87.
🔳സംസ്ഥാനത്ത് ഇന്നലെ 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 407 ഹോട്ട് സ്‌പോട്ടുകള്‍.
🔳കൊവിഡ് കാലത്ത് മഹാദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത് തികച്ചും അന്യായമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ മാസം ഇതുവരെ അഞ്ചു തവണയാണ് വില കൂട്ടിയതെന്നും പെട്രോളിന് 86.61 രൂപയും ഡീസലിന് 80.74 രൂപയുമായതോടെ വന്‍ വിലക്കയറ്റത്തിന് വഴിയൊരുക്കിയിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി.
🔳യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ച 49-കാരന്‍ മരിച്ചു. കാസര്‍കോട് ചെമ്മനാട് സ്വദേശി റഫീഖ് ആണ് മരിച്ചത്. കാസര്‍കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് കുമ്പള സ്വദേശിനിയോട് റഫീഖ് അപമര്യാദയായി പെരുമാറിയെന്നും നഗ്നതാപ്രദര്‍ശനം നടത്തിയെന്നുമാണ് ആരോപണം.
🔳ഊട്ടിക്ക് അടുത്ത് മസനഗുഡിയില്‍ കാട്ടാനയോട് റിസോര്‍ട്ട് ജീവനക്കാര്‍ ക്രൂരത കാണിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍.'വനങ്ങളെ കൊന്ന് രാജ്യങ്ങള്‍ നിര്‍മ്മിച്ചു. വന്യജീവികളുടെ വിധി മറന്നു. ജീവനോടെ കത്തിക്കുന്ന ശീലം നിങ്ങള്‍ക്ക് എങ്ങനെ ലഭിച്ചു? പിന്തിരിഞ്ഞു പോകുന്ന ആനയെ കത്തിക്കുന്നത് ദേശസ്നേഹമാണോ? മരണം ചുമന്ന് ആന അലയുകയായിരുന്നു. കാലം തല കുനിക്കുന്നു' എന്നായിരുന്നു കമല്‍ഹാസന്റെ ട്വീറ്റ്.
🔳ബജറ്റ് നിര്‍മ്മാണ പ്രക്രിയയുടെ അവസാന ഘട്ടത്തെ അടയാളപ്പെടുത്തുന്ന ഹല്‍വ ചടങ്ങ് പാര്‍ലമെന്റിന്റെ നോര്‍ത്ത് ബ്ലോക്കില്‍ കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മല സീതാരാമന്റെ സാന്നിധ്യത്തില്‍ നടന്നു. എം പിമാര്‍ക്കും പൊതുജനങ്ങള്‍ക്കും ബജറ്റ് രേഖകള്‍ തടസ്സമില്ലാതെ ലഭ്യമാക്കാന്‍ ധനകാര്യ മന്ത്രാലയം 'യൂണിയന്‍ ബജറ്റ് മൊബൈല്‍ ആപ്പ്' സേവനം ആരംഭിച്ചു. ഫെബ്രുവരി ഒന്നിന് ധനമന്ത്രി ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയ ശേഷം ബജറ്റ് രേഖകള്‍ അപ്ലിക്കേഷനില്‍ ലഭ്യമാകും.
🔳പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത നേതാജി അനുസ്മരണ പരിപാടിയില്‍ പ്രതിഷേധവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മമതാ ബാനര്‍ജിയെ പ്രസംഗിക്കാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ കാണികള്‍ 'ജയ് ശ്രീറാം' മുദ്രാവാക്യങ്ങള്‍ മുഴക്കിയതാണ് മമതയെ രോഷാകുലയാക്കിയത്. സര്‍ക്കാര്‍ പരിപാടിക്ക് അന്തസ്സുണ്ടാകണമെന്നാണ് ഞാന്‍ കരുതുന്നത്. ഇത് ഒരു രാഷ്ട്രീയ പരിപാടിയല്ല. ഇതിനോടുളള പ്രതിഷേധമെന്ന നിലയില്‍ ഞാന്‍ തുടര്‍ന്ന് സംസാരിക്കുന്നില്ലെന്നു പറഞ്ഞ് മമത പ്രസംഗം മതിയാക്കി.
🔳അതിര്‍ത്തി സംഘര്‍ഷ വിഷയങ്ങളില്‍ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ-ചൈന ഉന്നതതല സൈനിക ചര്‍ച്ച പുനരാരംഭിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഒമ്പതാംവട്ട കമാന്‍ഡര്‍തല ചര്‍ച്ച നാളെ നടക്കും. ചൈനീസ് മേഖലയിലെ മോള്‍ഡോയില്‍ വെച്ചാണ് ഇരുസൈനിക ഉദ്യോഗസ്ഥരും തമ്മില്‍ കൂടിക്കാഴ്ച നടക്കുക.
🔳ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും തുരങ്കം കണ്ടെത്തി. ജമ്മു കശ്മീരിലെ കത്തുവ ജില്ലയിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് ഭൂമിക്കടിയില്‍ തുരങ്കം കണ്ടെത്തിയത്. രണ്ടാഴ്ചയ്ക്കിടയില്‍ അതിര്‍ത്തിയില്‍ കണ്ടെത്തുന്ന രണ്ടാമത്തേതും ആറു മാസത്തിനിടയില്‍ കണ്ടെത്തുന്ന നാലാമത്തെയും തുരങ്കമാണിത്.
🔳ഇന്ത്യയില്‍ ഇന്നലെ 14,889 കോവിഡ് രോഗികള്‍. മരണം 156. ഇതോടെ ആകെ മരണം 1,53,377 ആയി. ഇതുവരെ 1,06,55,435 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.81 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 2,697 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 197 പേര്‍ക്കും പശ്ചിമബംഗാളില്‍ 410 പേര്‍ക്കും കര്‍ണാടകയില്‍ 902 പേര്‍ക്കും ആന്ധ്രയില്‍ 158 പേര്‍ക്കും തമിഴ്‌നാട്ടില്‍ 586 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ ഇന്നലെ 5,55,013 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,63,589 പേര്‍ക്കും ബ്രസീലില്‍ 61,121 പേര്‍ക്കും ഇംഗ്ലണ്ടില്‍ 33,352 പേര്‍ക്കും റഷ്യയില്‍ 20,921 പേര്‍ക്കും ഫ്രാന്‍സില്‍ 23,924 പേര്‍ക്കും മെക്സിക്കോയില്‍ 21,007 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 9.92 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.58 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 13,444 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 3,359 പേരും മെക്സിക്കോയില്‍ 1,440 പേരും ഇംഗ്ലണ്ടില്‍ 1,348 പേരും ബ്രസീലില്‍ 1,146 പേരും ജര്‍മനിയില്‍ 516 പേരും റഷ്യയില്‍ 559 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 21.28 ലക്ഷം മരണം സ്ഥിരീകരിച്ചു.
🔳പ്രശസ്ത റേഡിയോ-ടെലിവിഷന്‍ അവതാരകന്‍ ലാറി കിങ്(87) അന്തരിച്ചു. ലോസ് ആഞ്ജലിസിലെ മെഡിക്കല്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. കോവിഡ് ബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
🔳ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്യുവി വാഹനമായ 'ഥാര്‍' സമ്മാനമായി നല്‍കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച മുഹമ്മദ് സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, നവദീപ് സെയ്നി, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് പുറമെ ഷര്‍ദ്ദുല്‍ ഠാക്കൂറിനുമാണ് എസ്യുവി സമ്മാനമായി നല്‍കുകയെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ അറിയിച്ചു.
🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ശക്തരായ എഫ്.സി ഗോവയെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു.
ഗോവയ്ക്കായി ഓര്‍ഗെ ഓര്‍ട്ടിസും ബ്ലാസ്റ്റേഴ്‌സിനായി കെ.പി രാഹുലും സ്‌കോര്‍ ചെയ്തു. ഈ സമനിലയോടെ പോയന്റ് പട്ടികയില്‍ എഴാം സ്ഥാനത്തേക്ക് മുന്നേറാന്‍ മുന്നേറാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു. ഗോവ മൂന്നാം സ്ഥാനത്തുതന്നെ തുടരുന്നു.
🔳രാജ്യത്തെ പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് ഡിസംബറിലവസാനിച്ച ക്വാര്‍ട്ടറില്‍ 14,437 കോടി രൂപ പുതിയ ബിസിനസ് പ്രീമിയമായി നേടി. മുന്‍ വര്‍ഷമിതേ കാലയളവിലിത് 12,787 കോടി രൂപയായിരുന്നു. സിംഗിള്‍ പ്രീമിയത്തില്‍ 42 ശതമാനം വര്‍ധനയാണുണ്ടായത്. ഡിസംബറിലവസാനിച്ച മൂന്നാം ക്വാര്‍ട്ടറില്‍ കമ്പനിയുടെ അറ്റാദായം നാലു ശതമാനം വളര്‍ച്ചയോടെ 923 കോടി രൂപയിലെത്തി.
🔳കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) ലാഭവിഹിതം കേരള സര്‍ക്കാരിന് കൈമാറി. 2019-20 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായ 33.49 കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. കേരള സര്‍ക്കാരിന് 32.42 ശതമാനം ഓഹരിയാണ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിലുളളത്. 2019-20 സാമ്പത്തിക വര്‍ഷം സിയാല്‍ 655.05 കോടി രൂപയുടെ മൊത്ത വരുമാനവും 204.05 കോടി രൂപയും ലാഭവും നേടിയിരുന്നു.
🔳കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന 'മരട് 357' ചിത്രത്തിനായി നടന്‍ ഉണ്ണി മുകുന്ദന്‍ എഴുതിയ ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്. ''ഹോ ജാനേ ദേ'' എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. സാനന്ദ് ജോര്‍ജ് ഗ്രേസ് ഈണം പകര്‍ന്ന് ജോത്സന ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിനടുത്തു വരുന്ന ഗാനമാണിത്. മൂന്ന് മിനിറ്റു ദൈര്‍ഘ്യം വരുന്ന പശ്ചാത്തല സംഗീതമായാണ് ഹിന്ദി പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 19ന് ആണ് ചിത്രം റിലീസിനെത്തുന്നത്.
🔳ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനു അശോകന്‍ സംവിധാനം ചെയ്യുന്ന 'കാണെക്കാണെ' ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. ഗൗരവത്തോടെയുള്ള സുരാജിന്റെ പാതിമുഖവും നിറചിരിയോടെ നില്‍ക്കുന്ന ടൊവിനോയുടെയും ഐശ്വര്യയുടെയും മങ്ങിയ മുഖവുമാണ് പോസ്റ്ററിലുള്ളത്. 'ഉയരെ'ക്ക് ശേഷം മനു അശോക് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാണെക്കാണെ. ബോബി-സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രം ഡ്രീംകാച്ചറിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ധീനാണ് നിര്‍മ്മിക്കുന്നത്.
🔳ഫോക്‌സ്വാഗണ്‍ നിരയിലെ ചെറിയ സ്പോര്‍ട്സ് യൂട്ടിലിറ്റി മോഡലായ ടി- റോക്കിന് ഇന്ത്യയില്‍ മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ഫോക്‌സ്വാഗണ്‍ പൂര്‍ണമായി വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തിച്ച മോഡലായിരുന്നു ടി-റോക്ക്. വാഹനത്തിന്റെ ആദ്യ ബാച്ചായി 1000 യൂണിറ്റുകള്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയില്‍ എത്തിയ വാഹനങ്ങള്‍ വെറും 40 ദിവസത്തിനുള്ളില്‍ വിറ്റുത്തീര്‍ന്നിരുന്നു. തുടര്‍ന്ന് രണ്ടാം ബാച്ച് എത്തിക്കാന്‍ കമ്പനി തീരുമാനിച്ചു. ഈ ബാച്ചിലെ മുഴുവന്‍ വാഹനങ്ങളുടെയും ബുക്കിങ്ങ് പൂര്‍ത്തിയായി. 19.99 ലക്ഷം രൂപയ്ക്കാണ് 2020-ല്‍ ടി-റോക്ക് എസ്.യു.വി ഇന്ത്യയില്‍ എത്തുന്നത്.


0 അഭിപ്രായങ്ങള്‍