പ്രതികൂല കാലാവസ്ഥയിലും രാജ്യം സ്വയം പര്യാപ്തതയിലേയ്ക്ക്; കർഷകർക്കും ശാസ്ത്രജ്ഞർക്കും നന്ദി പറഞ്ഞ് രാഷ്ട്രപതി :-
ന്യൂഡൽഹി: കർഷകരോട് രാജ്യത്തിന്റെ ആദരവും ബഹുമാനവും എടുത്തു പറഞ്ഞ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയിലാണ് കർഷകരെ ഓരോ ഇന്ത്യൻ പൗരനും സല്യൂട്ട് ചെയ്യുന്നതായി രാഷ്ട്രപതി പറഞ്ഞത്.
ഭക്ഷ്യധാന്യങ്ങളുടെ ഉൽപാദനത്തിലും ക്ഷീരമേഖലയിലും രാജ്യത്തെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നത് കർഷകരാണ്. പ്രതികൂല കാലാവസ്ഥയിലും കൊറോണ ഉൾപ്പെടെയുളള മഹാമാരികളുടെ വെല്ലുവിളി നേരിട്ടുമാണ് കർഷകർ ഈ നേട്ടത്തിനായി പരിശ്രമിക്കുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ പോരാട്ടത്തിന് നേതൃത്വം നൽകിയ ആരോഗ്യ പ്രവർത്തകരെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ലെന്ന് രാഷ്ട്രപതി പറഞ്ഞു. കൊറോണ വൈറസിനെ മികച്ച രീതിയിൽ പഠിച്ച ശേഷം രാജ്യത്തെ ശാസ്ത്രജ്ഞർ വാക്‌സിൻ വികസിപ്പിച്ച് ചരിത്രം കുറിച്ചു. ഇപ്പോൾ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിവേഗം കുതിക്കുകയാണ്. ഘട്ടം ഘട്ടമായുള്ള അൺലോക്കിംഗ് ഇതിന് സഹായകമായെന്നും കൊറോണ മഹാമാരിയെ മറികടക്കാൻ രാജ്യത്തിന് സാധിച്ചെന്നും രാഷ്ട്രപതി വ്യക്തമാക്കി.


0 അഭിപ്രായങ്ങള്‍