നരിക്കുനിയുടെ മഹോത്സവമായി സ്കൂൾ കെട്ടിട ഉദ്ഘാടനം.. 

നരിക്കുനി: -പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിൻ്റെ  ഭാഗമായി സംസ്ഥാന സർക്കാർ കിഫ്ബി മുഖേന അനുവദിച്ച 3 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം കേരളത്തിൻ്റെ ബഹുമാന്യനായ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.അൻപതിൻ്റെ നിറവുമായി നരിക്കുനി പഞ്ചായത്തിലെയും, സമീപ പ്രദേശങ്ങളിലേയും  പതിനായിരങ്ങൾക്ക് അറിവിൻ്റെ വെളിച്ചം നൽകിയ നരിക്കുനി ഗവ: ഹയർ സെക്കൻ്റ്റി സ്കൂളും നവകേരള ചരിത്രത്തിൻ്റെ ഭാഗമായിരിക്കുകയാണ്.,കൊടുവള്ളി നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ ക്രിസ്റ്റലിൻ്റെ നേത്യത്വത്തിൽ കൊടുവള്ളി മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളും മികവിൻ്റെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായിട്ടാണ് നരിക്കുനി ഹയർ സെക്കണ്ടറി സ്കൂളും ഹൈടെക് ആയി മാറിയത്.പദ്ധതിയുടെ ഭാഗമായി 11 ക്ലാസ് മുറികളും ഒരു കോൺഫറൻസ് ഹാളും അടക്കം ഇരു നിലയിലായിട്ടാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.കൂടാതെ മുറ്റം ഇൻറർലോക്ക് വിരിക്കുകയും ചെയ്തിട്ടുണ്ട്.എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച കെട്ടിടം നേരത്തെ വിദ്യാലയത്തിന് സമർപ്പിച്ചിരുന്നു. സാധാരണക്കാരായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന് ലഭിച്ച അംഗീകാരത്തിൽ പ്രദേശവാസികൾ എറെ ആഹ്ലാദത്തിലാണ്.ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി.രവീന്ദ്രനാഥ്‌ അദ്ധ്യക്ഷനായിരുന്നു. ബഹുധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ തലത്തിൽ നടന്ന ചടങ്ങിൽ ത്രിതല പഞ്ചായത്ത് അദ്ധ്യക്ഷന്മാരും, ജനപ്രതിനിധികളും, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.