ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ ചമഞ്ഞ് മോഷണം: സ്വർണമാല അന്വേഷണസംഘം കണ്ടെത്തി
: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെന്ന വ്യാജേന അഗസ്ത്യൻമുഴിയിലെ വയോധിക ദമ്പതിമാരുടെ വീട്ടിൽ നിന്നും മോഷ്ടിച്ച ഒന്നരപ്പവന്റെ സ്വർണമാല അന്വേഷണ സംഘം കണ്ടെത്തി. ഉരുക്കിയ നിലയിൽ കോഴിക്കോട് കമ്മത്ത് ലൈനിലുള്ള ജൂവലറിയിൽ നിന്നാണ് അന്വേഷണസംഘം മാല കണ്ടെത്തിയത്. സ്വർണമാല മോഷ്ടിച്ച പൂവാട്ടുപറമ്പ് കന്മനമീത്തൽ പ്രശാന്ത് (38) നെ കഴിഞ്ഞ 22-ന് മുക്കം പോലീസ് പിടികൂടിയിരുന്നു.
മുക്കം ഇൻസ്പെക്ടർ എസ്. നിസ്സാമിന്റെ നിർദേശപ്രകാരം എസ്.ഐ. രാജീവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയുമായി ജൂവലറിയിലെത്തി ഉരുക്കിയ നിലയിലുള്ള മാല കണ്ടെടുത്തത്.
കഴിഞ്ഞ 18-ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ ചമഞ്ഞ് അഗസ്ത്യൻമുഴിയിലുള്ള രണ്ടു വീടുകളിൽ എത്തുകയും ,അതിൽ പ്രായമായ ദമ്പതിമാർ താമസിക്കുന്ന വീട്ടിൽ നിന്നും കേന്ദ്രസർക്കാരിന്റെ സഹായ വാഗ്ദാനം നൽകി ഒന്നരപ്പവനോളം തൂക്കം വരുന്ന സ്വർണമാല മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും വിവിധ സ്ഥലങ്ങളിൽ നടത്തിയ മോഷണങ്ങളെക്കുറിച്ചു സൂചന ലഭിച്ചതായി അന്വേഷണം സംഘം അറിയിച്ചു.
എ.എസ്.ഐ സലീം മുട്ടത്ത്, സിവിൽ പോലീസ് ഓഫീസർമാരായ കാസിം, ഷെഫീഖ് നീലിയാനിക്കൽ, സുഭാഷ്, ശിവശങ്കരൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തി കളവു മുതൽക്കേ കണ്ടെത്തിയത്,



0 അഭിപ്രായങ്ങള്‍