തൃശൂർ പൂരത്തിനിടെ മരക്കൊമ്പ്‌ വീണ്  2 പേർ മരിച്ചു ; ഇരുപത്തിയഞ്ചോളം പേർക്ക് പരിക്ക്        

തൃശൂർ,

തൃശൂർ പൂരത്തിനിടെ മരക്കൊമ്പ്‌ വീണ് രണ്ടു പേർ മരിച്ചു. വാദ്യകലാകാരന്മാർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു‌. പൂരം സംഘാടകരിലൊരാളായ തിരുവമ്പാടി വിഭാഗക്കാരായ നടത്തറ സ്വദേശി രമേശ്‌, പൂങ്കുന്നം സ്വദേശി രാധാകൃഷ്‌ണൻ എന്നിവരാണ്‌ മരിച്ചത്‌.


തിരുവമ്പാടി വിഭാഗം  മഠത്തിൽവരവിനിടെ രാത്രി പന്ത്രണ്ടോടെയാണ് അപകടം. ഇരുപത്തിയഞ്ചോളം പേർക്കാണ്‌ പരിക്കേറ്റത്‌. പൊലീസ്‌ ഉദ്യോഗസ്‌ഥർക്കടക്കമാണ്‌ പരിക്കേറ്റത്‌.ബ്രഹ്മസ്വം മഠത്തിൽ നിന്ന് എഴുന്നള്ളിപ്പ് ആരംഭിച്ച്  പഞ്ചവാദ്യം ആരംഭിച്ച ശേഷമാണ് തൊട്ടടുത്ത ആലിന്റെ വലിയ കൊമ്പ് അടർന്ന് വീണത്‌.  ഈ സമയം അറുപതോളം പേർ താഴെയുണ്ടായിരുന്നു. മൂന്നു പേർ മരത്തിനിടയിൽ കുടുങ്ങി. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.


മരക്കൊമ്പുകൾ മുറിച്ചു പരിക്കേറ്റവരെ രക്ഷിച്ചു. മരം വീണ് വൈദ്യുതികമ്പി പൊട്ടി വീണതോടെ പ്രദേശം ഇരുട്ടിലായി. വാദ്യക്കാരും പൊലീസും പന്തം പിടിക്കുന്നവരുമാണ് അപകടത്തിലായത്. ഇതിനിടെ ആനയിടഞ്ഞു. അപ്പോൾ തന്നെ തളച്ചതിനാൽ അപകടം ഒഴിവായി.


തിരുവമ്പാടി വിഭാഗം ആഘോഷം കുറച്ച് ഒരാനയുടെ പുറത്ത് എഴുന്നള്ളിപ്പ് ചുരുക്കിയിരുന്നു. അതിനാൽ കുറച്ച് ആളുകളേ ഉണ്ടായിരുന്നുള്ളൂ. കലക്ടർ എസ് ഷാനവാസ്, കമീഷണർ ആർ ആദിത്യ എന്നിവർ സ്ഥലത്തെത്തി. പൂരമായതിനാൽ പൊലിസും ഫയർഫോഴ്സും  സ്ഥലത്ത് ക്യാമ്പ് ചെയ്തതിനാൽ പെട്ടെന്ന് എത്തി രക്ഷാപ്രവർത്തനം നടത്താനായി. പരിക്കേറ്റവരെ തൃശൂർ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.