വല്ലാത്ത പൊല്ലാപ്പിലായി കല്ല്യാണ വീട്ടുകാര്‍
നരിക്കുനി: -കൊവിഡ് പടര്‍ന്നതോടെ പൊല്ലാപ്പിലായി വിവാഹ വീട്ടുകാരും. ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന മിക്ക വിവാഹങ്ങളും ഫെബ്രുവരിയില്‍ നിശ്ചയിച്ചുറപ്പിച്ചതാണ്. അന്നാകട്ടെ കൊവിഡ് ഏതാണ്ട് അവസാനിച്ച മട്ടായിരുന്നു.
ആയിരവും ,രണ്ടായിരവും പേരെയാണ് പലരും മൊഞ്ചുളള കത്ത് നല്‍കി വിളിച്ചിരിക്കുന്നത്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വിവാഹ ക്ഷണം ഫോണിലൂടെയായിരുന്നെങ്കില്‍ അടുത്ത ദിവസങ്ങളിലെ വിവാഹങ്ങളെല്ലാം വീട്ടിലെത്തി വിളിച്ചവയാണ്. വീട്ടുമുറ്റത്തും ,പറമ്പിലും വലിയ പന്തലുകളാണ് പലയിടത്തും ഉയര്‍ന്നിരിക്കുന്നത്. ക്ഷണിച്ചവരില്‍ എത്രപേര്‍ വരുമെന്ന് നിശ്ചയമില്ലാത്തതിനാല്‍ ഭക്ഷണമൊരുക്കുന്ന കാര്യത്തിലും, വീട്ടുകാര്‍ അങ്കലാപ്പിലായിട്ടുണ്ട്.
75 പേരില്‍ താഴെ ഉള്‍പ്പെടുത്തി മുന്‍കൂര്‍ അനുമതിയോടെ കല്ല്യാണം, ഗൃഹപ്രവേശം എന്നിവ നടത്താമെന്ന് പറയുന്നുണ്ടെങ്കിലും കോഴിക്കോട് ജില്ലയില്‍ അത് 25 പേരിലേക്ക് ഒതുങ്ങി. മാത്രമല്ല, വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊവിഡില്ലെന്ന പരിശോധനാ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. സാധാരണ കുടുംബങ്ങളെയാണ് ഇതെല്ലാം സാരമായി ബാധിച്ചിരിക്കുന്നത്.
വിവാഹത്തോടനുബന്ധിച്ച് തലേദിവസം നടത്തുന്ന 'പാര്‍ട്ടി' യില്‍നിന്നുള്ള വരുമാനം കണ്ട് ആഭരണങ്ങളും മറ്റും കടം വാങ്ങുന്നവര്‍ നിരവധിയാണ്. നിയന്ത്രണം കടുത്തതോടെ വിവാഹം നിര്‍ത്തിവെക്കാനും നടത്തുവാനും കഴിയാതെ വിഷമിക്കുകയാണ് വിവാഹ വീട്ടുകാര്‍.


0 അഭിപ്രായങ്ങള്‍