ഒരു സംസ്ഥാനത്തിനും ഭക്ഷ്യ കിറ്റ് അനുവദിക്കുന്നില്ല: വ്യക്തമാക്കി കേന്ദ്രം


കേരളത്തിനെന്നല്ല, ഒരു സംസ്ഥാനത്തിനും ഭക്ഷ്യ കിറ്റ് അനുവദിക്കുന്നില്ല എന്ന് വ്യക്തമാക്കി കേന്ദ്രം. വിവിധ പദ്ധതികൾ വഴി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അരിയും ഗോതമ്പും വിതരണം ചെയ്യുന്നുണ്ട്. മുൻഗണനാ വിഭാഗങ്ങൾക്കുള്ള അഞ്ച് കിലോ അരി, അന്ത്യോദയ അന്നയോജന വിഭാഗക്കാർക്കുള്ള 35 കിലോ അരി എന്നിവയും പ്രതിമാസം അനുവദിക്കുന്നുണ്ട്. കഴിഞ്ഞ ലോക്ക്ഡൗണിൽ കുടിയേറ്റ തൊഴിലാളികൾകായി അഞ്ച് കിലോ അരിയും ഗോതമ്പും നൽകിയിരുന്നു. ഇതല്ലാതെ ഭക്ഷ്യ കിറ്റ് നൽകുന്നില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.



വിവരാവകാശ നിയമപ്രകാരമാണ് കേന്ദ്രം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തിരുവനന്തപുരം സ്വദേശി അജയ് എസ് കുമാറിന് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയമാണ് മറുപടി നൽകിയത്. ഏതെല്ലാം സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ ഭക്ഷ്യക്കിറ്റ് നൽകുന്നുണ്ട്, എത്ര വിതരണം ചെയ്തു എന്നായിരുന്നു ചോദ്യം.


കൊവിഡ് കാലത്ത് സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷ്യ കിറ്റ് കേന്ദ്രം നൽകുന്നതാണെന്ന് ബിജെപി പ്രചാരണം നടത്തിയിരുന്നു. സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ അടക്കമുള്ളവർ ഇത്തരത്തിലുള്ള പ്രചാരണങ്ങളിൽ പങ്കെടുത്തിരുന്നു. എന്നാൽ, കേന്ദ്രമല്ല, സംസ്ഥാനമാണ് സൗജന്യ ഭക്ഷ്യ കിറ്റ് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ വ്യക്തമാക്കിയിരുന്നു.