വായുവിലൂടെ അതിവേഗം പടരും; വിയറ്റ്നാമിൽ അപകടകാരയായ പുതിയ കോവിഡ് വകഭേദം കണ്ടെത്തി :-
(30-MAY-2021)
വിയറ്റ്നാമിൽ അപകടകാരയായ പുതിയ കോവിഡ് 19 വകദേഭത്തെ കണ്ടെത്തി. വായുവിലൂടെ അതിവേഗം പടരുന്ന ഇവ ഇന്ത്യയിൽ അതിവേഗ രോഗവ്യാപനത്തിന് കാരണമായ B.1.617 വകഭേദത്തിന്റെയും, യുകെ വകഭേദത്തിന്റെയും സങ്കരയിനമാണെന്ന് വിയറ്റ്നാം ആരോഗ്യമന്ത്രി ഗുയൻ തങ് ലോങ് അറിയിച്ചു.
രാജ്യത്തിന്റെ പകുതിയിലേറെ പ്രദേശത്തേക്കും ,പുതിയ വൈറസ് വകഭേദം വ്യാപിച്ചതായാണ് റിപ്പോർട്ട്. ഹനോയ്, ഹോ ചിമിൻ തുടങ്ങിയ വ്യവസായ മേഖലകളിലേക്കും, വൈറസ് വകഭേദം വ്യാപിച്ചത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിലവിൽ 6,700ൽ പരം കേസുകളും 47 മരണവുമാണ് വിയറ്റ്നാമിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പുതിയ വകഭേദവുമായി ബന്ധപ്പെട്ട് എത്ര കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു എന്നതിൽ ആരോഗ്യമന്ത്രാലയം കണക്കുകൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ എത്രയും പെട്ടെന്ന് കണക്കുകൾ പുറത്തുവിടുമെന്നാണ് ആരോഗ്യമന്ത്രി വ്യക്മാക്കിയത്. അറിയപ്പെടുന്ന ഏഴോളം കൊറോണ വൈറസ് വകഭേദങ്ങൾ വിയറ്റ്നാമിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തെ വിജയകരമായി അതിജീവിച്ച വിയറ്റ്നാമിൽ നിലവിലെ കേസുകൾ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ വർഷം ഏപ്രിലിനു ശേഷമാണ് കേസുകൾ വർധിച്ചു തുടങ്ങിയത്. പുതിയ വകഭേദം കൂടി കണ്ടെത്തിയതോടെ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ് രാജ്യം. 97 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് ഒരു ദശലക്ഷത്തിലധികം ആളുകൾക്കാണ് വാക്സീൻ നൽകിയിട്ടുള്ളത്.

0 അഭിപ്രായങ്ങള്‍