വിമാനത്താവളങ്ങളിൽ നിന്ന് വയനാട്ടിലേക്ക് ഹെലികോപ്റ്റർ സൗകര്യം; സമഗ്ര പദ്ധതി :- 03.07.2021-




ലോക ടൂറിസം ഭൂപടത്തിൽ വയനാടിനെ അടയാളപ്പെടുത്താന്‍ സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സമീപത്തെ വിമാനത്താവളങ്ങളില്‍ നിന്ന് വയനാട്ടിലേക്ക് ഹെലികോപ്റ്റര്‍ കണക്റ്റിവിറ്റി സാധ്യത പരിശോധിക്കും. രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രമാക്കി ജില്ലയെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.


ജില്ലയുടെ ചുമതലയുള്ള ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആദ്യമായാണ് വയനാട്ടില്‍ എത്തിയത്. ടൂറിസത്തിന് അനന്ത സാധ്യതകളുള്ള ജില്ലയിൽ സമഗ്രമായ പദ്ധതികളാണ് ആദ്യം ചേർന്ന അവലോകന യോഗത്തിൽ ചര്‍ച്ചയായത്. ജില്ലയിലെ മൂന്ന് എം എല്‍ എമാരും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റും, കലക്ടറേറ്റില്‍ നടത്തിയ യോഗത്തില്‍ പങ്കെടുത്തു. ജില്ലയില്‍ ഇതുവരെ ശ്രദ്ധിക്കപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളെ കണ്ടെത്തുകയും ,അവയെ ലോകശ്രദ്ധ നേടുന്ന തരത്തില്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നതിനുമാണ് മുഖ്യപരിഗണന. ഓണത്തിനു മുമ്പായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു. 

ചരിത്രപരമായ സാധ്യതകള്‍വെച്ച് ചൈനീസ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ക്ക് സാധ്യമാകുമെന്നതിനാല്‍ അതിനായി പ്രത്യേക പഠനം നടത്തുന്നതായും മന്ത്രി സൂചിപ്പിച്ചു. പൊതുമരാമത്ത് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും യോഗത്തിൽ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.