21.7.2021
ചാന്ദ്രദിനത്തിന്‍റെ ഓര്‍മ്മ
****** ലോഹിദാക്ഷൻ പുന്നശ്ശേരി
മനുഷ്യചരിത്രത്തിലെ ഏറ്റവും സാഹസികവും ഉദ്വേഗഭരിതവും സാക്ഷാത്കൃതവുമായ ഒരു സംഭവമാണ് 51വര്‍ഷംമുമ്പ് (1969ജൂലായ് 21)മനുഷ്യന്‍ നേടിയ ചാന്ദ്രസ്പര്‍ശം .`മനുഷ്യന്‍റെ ഒരു ചെറിയ കാല്‍വെപ്പ് ,എന്നാല്‍ മ നുഷ്യരാശിയുടെ കുതിച്ചുചാട്ടം ' എന്ന് അതിലെ യാത്രികര്‍ വിശേഷിപ്പിച്ചപോലെ ഭൂമിയില്‍നിന്ന് 363301 കി.മി.അകലെയുള്ള ചന്ദ്രനില്‍ ആദ്യം ആംസ്ട്രോങ്ങും പിന്നാലെ ആള്‍ഡ്രിനും ഇവരെ കാത്ത് ചന്ദ്രന്ചുറ്റും വട്ടം ചുറ്റി മെെക്കെല്‍കോളിന്‍സും യാത്ര ചെയ്തത് ഇന്നും പച്ചയായി നില്ക്കുന്നു.
അന്ന് ഞാന്‍ ചേളന്നൂര്‍ SNG കോളേജില്‍ പ്രീഡിഗ്രീ രണ്ടാം വര്‍ഷം.ഇന്നത്തെ പ്പോലെ ടി.വി.യോ ഫോണോ പ്രചാരത്തിലില്ലാത്ത കാലം ;വാര്‍ത്തകളറിയാന്‍ പത്രവും റേഡിയോവും മാത്രം;വീട്ടില്‍ അന്നൊരു ഫിലിപ്സ് റേഡിയോ ഉണ്ടായിരുന്നത് ഞാന്‍ ശരിക്കും മുതലാക്കി.മലയാളവാര്‍ത്ത രാവിലെയും ഉച്ചയ്കും വെെകുന്നേരവും മാത്രമേയുണ്ടാകൂ. ചന്ദ്രനിലിറങ്ങല്‍ രാത്രി ഈ സമയത്തൊന്നും നടക്കാത്തതിനാല്‍ ഷോര്‍ട്ട് വെെവില്‍ വോയ്സ് ഓഫ് അമേരിക്കയെ ശരണം പ്രാപിച്ചു.പക്ഷേ പ്രനണ്‍സ്യേഷന്‍ `ച്ചിരി' കട്ടിയാ.പറയുന്നത് അവ്യക്തമായാലും ഹൃദയത്തോടടുത്ത് നില്കുന്നവര്‍ പറയുന്നതെന്താണെന്നൂഹിച്ചറിയുന്നവിധം ആ വിവരണത്തിന്‍റെ പിറകെ നടന്നു .അര്‍ദ്ധരാത്രി പിന്നിട്ടിട്ടും ഉറക്കെത്ര പിടിച്ചുവലിച്ചിട്ടും `അവനോ'ടൊപ്പം പോകാതെ ആയിരം കാതുമായി ഞാന്‍ മനക്കണ്ണില്‍ കണ്ടു.ചാന്ദ്രവാഹനത്തില്‍ നിന്ന് ആദ്യം നീല്‍ ആംസ്ട്രോങ്ങും പിന്നാലെ എഡ്വിന്‍ ആള്‍ഡ്രിനും .ആദ്യം വിചാരിച്ചിടത്തുനിന്ന് അല്പമകലെ ചാടിവീണതും പിന്നെ ചാടിച്ചാടി(തൂങ്ങിയാടുമ്പോലലെയും) നടക്കുന്നതും അവിടെ കൊടിനാട്ടുന്നതും എല്ലാം (ചന്ദ്രന് ഭൂമിയുടെ ആറിലൊരുഭാഗം ഗുരുത്വാകര്‍ഷണമേയുള്ളൂ;ഇവിടെ 60 കി.ഗ്രാം ഭാരമുള്ള ഒരാള്‍ ചന്ദ്രനില്‍ 10 കി.ഗ്രാം)വായുവോ മേഘങ്ങളോ ഇല്ലാത്തതിനാല്‍ കൊടി നിവര്‍ന്ന് നില്ക്കാന്‍ വേറെ ഫ്രെെമിലുറപ്പിക്കണം)``അവിടമൊരേകാന്ത ശൂന്യതയല്ലോ'' ചാന്ദ്രചക്രവാളത്തില്‍നിന്ന് ഒരു കൊച്ചുനീലപ്പൊട്ടുപോലെ(``ഒരു മരതകത്തളിക പോലെ'') ഭൂമിയെ കണ്ടു.
അപ്പോളോ 11 ന്ശേഷം 13 നമ്മെ നിരാശപ്പെടുത്തിയെങ്കിലും അപ്പോളോ 17 വരെ പന്ത്രണ്ട് പേരെ അവിടെ ഇറക്കാന്‍ കഴിഞ്ഞു .ഗോളാന്തരയാത്രകള്‍ പലതും നടത്തിയെങ്കിലും മനുഷ്യന്‍റെ ഈ ആദ്യസ്പര്‍ശം എന്നും പുത്തനായിതന്നെ ആത്മാവില്‍ (ചരിത്രത്തില്‍ മാത്രമല്ല) നിലനില്ക്കും.
ഈ ചരിത്രനേട്ടത്തില്‍ നമുക്ക് വളരെ വളരെ അഭിമാനിക്കാമെങ്കിലും
മഹാവിശ്വത്തില്‍ ഭൂമിയെക്കാള്‍ പന്ത്രണ്ടര ലക്ഷം ഇരട്ടി വലിപ്പമുള്ള സൂര്യന്‍പോലും വെളിച്ചത്തിന്‍െറ ഇത്തിരിപ്പൊട്ടാണെന്ന തിരിച്ചറിവ് നമ്മെ വിവേകികളാക്കേണ്ടതാണ്.പക്വമാനസരാക്കേണ്ടതാണ്.വലുതിനെക്കാള്‍ വലുതറിയുന്തോറും ചെറുതിനെക്കാള്‍ ചെറുതും അത്ര ചെറുതല്ലെന്ന് തിരിച്ചറിയേണ്ടതാണ്.
എന്നാല്‍ നമ്മളിന്ന് പ്രകൃതിനാശം,,മലിനീകരണം,ജനസംഖ്യാവര്‍ദ്ധനവ്,,പരസ്പരം പോരടിക്കല്‍,കൊലപാതകം,മുതലായ ``ലീല'' കളിലൂടെ മുമ്പോട്ടാണോ പോകുന്നത് ? ``അറിയാതെ ജനനിയെ പരിണയിച്ചൊരു യവനതരുണന്‍റെ കഥയെത്ര പഴകീ !! (ഒ.എന്‍.വി)
വിശ്വജേതാവാകുമ്പോള്‍ വിശ്വത്തിലെ ഒാരോ മണല്‍ത്തരിയെയും സ്നേഹിക്കാന്‍ -നെഞ്ചോട് ചേര്‍ക്കാന്‍ പഠിക്കുന്നവനാവട്ടെ മനുഷ്യന്‍;അതാവട്ടെ ശാസ്ത്രസംഭാവന.


0 അഭിപ്രായങ്ങള്‍