സർക്കാർ സേവനങ്ങൾ വീട്ടു പടിക്കൽ :-


അശരണർക്കും, ആലംബഹീനർക്കും കരുതൽ സ്പർശമായി സർക്കാർ പ്രഖ്യാപിച്ച 'വാതിൽപ്പടി സേവനം' പദ്ധതിക്ക് തുടക്കമായി. 50 തദ്ദേശസ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.


വയോജനങ്ങൾ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, ചലന പരിമിതി അനുഭവിക്കുന്നവർ തുടങ്ങിയവർക്കുള്ള മസ്റ്ററിംഗ്, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹ്യ സുരക്ഷാ പെൻഷൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ തയാറാക്കൽ, അടിയന്തരാവശ്യത്തിനുള്ള ജീവൻരക്ഷാ മരുന്നുകൾ തുടങ്ങിയ സേവനങ്ങൾ ഇനി വീട്ടുപടിക്കലെത്തും.


എല്ലാ തദ്ദേശസ്ഥാപനത്തിലും വാർഡ് അംഗത്തിന്റെ അധ്യക്ഷതയിൽ ആശാ വർക്കർമാർ, കുടുംബശ്രീ പ്രതിനിധി, സന്നദ്ധ സേന വളണ്ടിയർമാർ എന്നിവരടങ്ങുന്ന കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. സേവനം ആവശ്യമായവരുമായി പ്രാഥമികമായി ബന്ധപ്പെടാനുള്ള ചുമതല ആശാവർക്കർമാർക്കാണ്. 


സേവനം ലഭ്യമാക്കേണ്ടവർക്ക് കമ്മിറ്റി അംഗങ്ങളെ ഫോൺ മുഖേന ബന്ധപ്പെടാവുന്നതാണ്. അക്ഷയകേന്ദ്രങ്ങളും, സന്നദ്ധ സേന വളണ്ടിയർമാരും, ആശാവർക്കർമാരും സഹായത്തിനുണ്ടാകും.