പോക്സോ കേസിലെ ഇര തൂങ്ങി മരിച്ച നിലയിൽ


 20-01-2022 


കോഴിക്കോട്: തേഞ്ഞിപ്പലത്ത് പോക്സോ കേസിലെ ഇര തൂങ്ങി മരിച്ച നിലയിൽ. 20/1/22 രാവിലെ 9.30-ഓടെയാണ് തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് പെൺകുട്ടി. പതിനെട്ട് വയസ്സേ പെൺകുട്ടിക്ക് പ്രായമുണ്ടായിരുന്നുള്ളൂ.


മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും, കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലും കൂട്ടബലാത്സംഗം ഉൾപ്പടെ മൂന്ന് പോക്സോ കേസുകളിലെ ഇരയാണ് ഈ പെൺകുട്ടി. ഇവരുടെ മൃതദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. 


തേഞ്ഞിപ്പാലത്തെ വാടകവീട്ടിൽ അമ്മയോടും, സഹോദരനുമൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഇളയ സഹോദരനെ സ്കൂളിലാക്കാനായി താൻ പോയ സമയത്താണ് കുട്ടി തൂങ്ങി മരിച്ചതെന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വന്ന ശേഷം പല തവണ പെൺകുട്ടിയെ പ്രാതൽ കഴിക്കാനായി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. പിന്നീട് പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി. അപ്പോൾ ഫോണും എടുത്തില്ല. തുടർന്ന് വാതിലിന് മുകളിലുള്ള കിളിവാതിലിലൂടെ കർട്ടൻ മാറ്റി നോക്കിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് അമ്മ പറയുന്നു.