ഏപ്രില്‍ മുതല്‍ പാരസെറ്റമോള്‍ ഉള്‍പ്പെടെ 800-ല്‍ അധികം അവശ്യമരുന്നുകളുടെ വില വര്‍ധിക്കും

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


രാജ്യത്ത് അടുത്തമാസം (ഏപ്രില്‍) മുതല്‍ അവശ്യമരുന്നുകളുടെ വിലകൂടും. പാരസെറ്റാമോള്‍ ഉള്‍പ്പെടെ എണ്ണൂറില്‍ അധികം മരുന്നുകളുടെ വില 10.7 ശതമാനം വര്‍ധിക്കും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡ്രഗ് പ്രൈസിങ് അതോറിറ്റി മരുന്നുകളുടെ വില വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത്. മൊത്ത വില സൂചികയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ 10.7 ശതമാനം വരെ വിലവര്‍ധന നടപ്പാക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. വാണിജ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനം വന്നിരിക്കുന്നത്.


പനി, ഇന്‍ഫെക്ഷന്‍, ഹൃദ്രോഗം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്നുകളുടെ വില വര്‍ധിക്കും. ഇതോടെ പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങിയ മരുന്നുകളുടെ വില വലിയതോതില്‍ കൂടാനുള്ള സാധ്യതയാണുള്ളത്. ഏകദേശം എണ്ണൂറോളം മരുന്നുകളാണ് അവശ്യമരുന്നുകളുടെ പട്ടികയിലുള്ളത്. ഈ എണ്ണൂറു മരുന്നുകളുടെയും വില കൂടാന്‍ സാധ്യതയുണ്ട്. ഈയടുത്ത കാലത്ത് ഇത്രയും വലിയ വിലവര്‍ധനയുണ്ടായിട്ടില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.