യുദ്ധം വേണ്ട റഷ്യൻ വാർത്തയ്ക്കിടെ പോസ്റ്ററുമായി ജീവനക്കാരി പിന്നാലെ കാണാതായി
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
റഷ്യയിൽ വാർത്താ പരിപാടിക്കിടെ യുദ്ധവിരുദ്ധ പ്രതിഷേധവുമായി രംഗത്തുവന്ന ചാനൽ ജീവനക്കാരിയെ പ്രതിഷേധത്തിന് ശേഷം കാണാതായതായി പരാതി. മറീന ഒവ്സ്യനിക്കോവ എന്ന യുവതിയെയാണ് കാണാതായത്. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മനുഷ്യാവകാശ സംഘടനകൾ റഷ്യൻ സർക്കാരിന് മേൽ സമ്മർദം ചെലുത്തുന്നതായാണ് വിവരം. ഒവ്സ്യനിക്കോവയെ അഭിനന്ദിച്ചു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി അടക്കം ഒട്ടേറെ പേർ രംഗത്തെത്തിയിരുന്നു
റഷ്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ചാനൽ വൺ വാർത്താ ചാനലിലാണ് പ്രതിഷേധം അരങ്ങേറിയത്. ചാനലിൽ സായാഹ്‌ന വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നതിനിടെ യുദ്ധവിരുദ്ധ പോസ്റ്ററുമായി ജീവനക്കാരി അവതാരികയുടെ പിന്നിൽ നിലയുറപ്പിക്കുകയായിരുന്നു. യുദ്ധവിരുദ്ധ പ്ലക്കാർഡുമായെത്തിയ യുവതിയെ സംഭവത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി. എന്നാൽ പിന്നീട് യുവതിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്ന് മനുഷ്യാവകാശ സംഘടനയായ ഓവിഡി -ഇൻഫോ പറയുന്നു.
'യുദ്ധം വേണ്ട, യുദ്ധം നിർത്തൂ; കുപ്രചാരണങ്ങളിൽ വിശ്വസിക്കരുത്' എന്നാണ് പോസ്റ്ററിൽ എഴുതിയിരുന്നത്. യുക്രെയ്ൻ യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ ചാനലുകൾക്ക് റഷ്യയിൽ പ്രവർത്തന നിയന്ത്രണങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. സർക്കാർ അനുകൂല പരിപാടികൾക്ക് മാത്രമാണ് പ്രക്ഷേപണം ചെയ്യാൻ അനുമതി.

0 അഭിപ്രായങ്ങള്‍