കല്യാണവീട്ടിലെ മോഷണം:  സ്ത്രീകളെന്ന് സംശയം :-



കോഴിക്കോട് :-വാണിമേൽ വെള്ളിയോട് കല്യാണവീട്ടിലെ സ്വർണാഭരണം മോഷണം പോയ കേസിൽ പോലീസ് അന്വേഷണം സ്ത്രീകളെ കേന്ദ്രീകരിച്ച്. വെള്ളിയോട് സയ്യിദ് സഖാഫ് എം.എൻ. ഹാഷിംകോയ തങ്ങളുടെ വീട്ടിലാണ് കല്യാണത്തലേന്ന് 30 പവൻ സ്വർണാഭരണം മോഷണംപോയത്.


വധു മുകളിലത്തെ നിലയിൽനിന്നും താഴെ നിലയിലേക്കുവന്ന സമയത്താണ് മോഷണം നടന്നത്. ഈ സമയത്ത് സ്വർണാഭരണം സൂക്ഷിച്ച മുകളിലത്തെ മുറിയിൽ ബന്ധു എത്തിയപ്പോൾ മുറി ഉള്ളിൽനിന്ന് പൂട്ടിയ നിലയിലായിരുന്നു.


മുറിക്കകത്ത് ഉത്തരവാദപ്പെട്ട ആരെങ്കിലും ഉണ്ടാകുമെന്ന വിശ്വാസത്തിൽ തിരിച്ചുപോവുകയായിരുന്നു. ഈ സമയത്തുണ്ടായിരുന്ന സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ട്. കൊയിലാണ്ടി, തിക്കോടി, എകരൂൽ, കുഞ്ഞിപ്പള്ളി, വടകര തുടങ്ങിയ ഭാഗങ്ങളിൽനിന്നുള്ള ആളുകളാണ് വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയത്.


പർദ ധരിച്ചെത്തിയവരിൽ ആരെങ്കിലുമായിരിക്കും മോഷണം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. കല്യാണത്തിനായി നാട്ടിൻപുറങ്ങളിൽ പണം സ്വരൂപിക്കാൻ പണം പയറ്റ് നടത്താറുണ്ട്.

കല്യാണച്ചെലവും, സ്വർണത്തിനുള്ള പണവും പലരും കണ്ടെത്തുന്നത് ഇത്തരത്തിലാണ്. കല്യാണവീട്ടിൽ സ്വർണാഭരണം മോഷണം പോയതായി അറിഞ്ഞതോടെ ഒട്ടേറെപ്പേർ പണംപയറ്റിൽ പങ്കെടുക്കാനെത്തി സഹായിച്ചതിനാൽ കല്ല്യാണം മുറ പോലെ നടന്നു ,