ഉത്തരാഖണ്ഡിലെ ഹിമപാതം: 10 പര്‍വതാരോഹകര്‍ മരിച്ചു

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


ഉത്തരാഖണ്ഡിലെ ദ്രൗപതി ഡാണ്ട-2 കൊടുമുടിയിലുണ്ടായ ഹിമപാതത്തില്‍ 10 പര്‍വതാരോഹണ പരിശീലകര്‍ മരിച്ചു. 11 പേരെ കാണാതായിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാണ്. നേരത്തേ എട്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു.


ഉത്തര്‍കാശി നെഹ്‌റു മൗണ്ടനീറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ളവരാണ് പരിശീലകര്‍. വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതായി ഉത്തരാഖണ്ഡ് പോലീസ് മേധാവി അശോക് കുമാര്‍ പറഞ്ഞു. 16,000 അടി ഉയരത്തിലുണ്ടായ ഹിമപാതത്തില്‍ ഇന്ന് രാവിലെ ഒമ്പതോടെയാണ് സംഘം പെട്ടത്.


രക്ഷപ്പെടുത്തിയവരെ 13,000 അടി ഉയരത്തിലുള്ള സമീപത്തെ ഹെലിപാഡിലെത്തിച്ച് പിന്നീട് ഡെറാഡൂണിലെത്തിക്കും. ദേശീയ ദുരന്ത പ്രതികരണ സേന, സംസ്ഥാന ദുരന്ത പ്രതികരണ സേന, ഇന്‍ഡോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ ഓഫീസ് അറിയിച്ചു.