പ്രതി ബെഡ്റൂമിലേക്ക് അതിക്രമിച്ച് കയറിയത് വിഷ്ണുപ്രിയ വീഡിയോകോൾ ചെയ്യുന്നതിനിടെ; അന്വേഷണത്തിൽ വഴിത്തിരിവായത് സുഹൃത്ത് റെക്കോർഡ് ചെയ്ത വാട്‌സ്ആപ്പ് കോൾ ദൃശ്യങ്ങൾ; പാനൂരിലെ കൊലപാതകത്തിൽ പ്രതി ശ്യാംജിത് മണിക്കൂറുകൾക്കകം പിടിയിലായതിങ്ങനെ:
22.10.2022
കണ്ണൂർ: പാനൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കേസിൽ പ്രതി ശ്യാംജിത് പിടിയിലായത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ സുഹൃത്ത് നൽകിയ മൊഴിയുടെയും, വാട്ട്സ്ആപ്പ് കോൾ റെക്കോർഡിന്റെയും അടിസ്ഥാനത്തിൽ.
വീട്ടിലുള്ളവരെല്ലാം സമീപത്തുള്ള വീട്ടിൽ ഒരു മരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് പോയിരുന്നു. ഈ സമയം ബെഡ്‌റൂമിൽവെച്ച് സുഹൃത്തുമായി വാട്‌സ്ആപ്പിൽ വീഡിയോകോൾ ചെയ്യുമ്പോഴാണ് അക്രമിയെത്തിയത്. കൊലയാളി ബെഡ്റൂമിലേക്ക് കടന്നുവരുന്നത് വിഷ്ണുപ്രിയ സുഹൃത്തിന് വീഡിയോ കോളിൽ കാണിച്ചുകൊടുത്തു. പ്രതിയുടെ പേരും വിഷ്ണു പ്രിയ സുഹൃത്തിനോട് ഉച്ചത്തിൽ പറഞ്ഞിരുന്നു. ഉടൻ ഫോൺ സ്വിച്ച് ഓഫായി. ഈ ദൃശ്യങ്ങൾ സുഹൃത്ത് റെക്കോർഡ് ചെയ്തു സൂക്ഷിച്ചിരുന്നു. ഈ ദൃശ്യങ്ങളാണ് നിർണ്ണായകമായത്. സുഹൃത്ത് നൽകിയ വിവരമനുസരിച്ച് പ്രതിയുടെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചാണ് രക്ഷപെടാനുള്ള ശ്രമത്തിനിടെ ഇയാളെ പിടികൂടുന്നത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കവെയാണ് സുഹൃത്തിൽ നിന്നും നിർണായക വിവരം ലഭിക്കുന്നത്.


0 അഭിപ്രായങ്ങള്‍