കരിപ്പൂരില്‍ സ്വര്‍ണം കടത്തിയയാളും തട്ടിയെടുക്കാനെത്തിയ സംഘവും പോലീസ് പിടിയില്‍

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറത്തെത്തിയ യാത്രക്കാരനില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന സ്വര്‍ണം പോലീസ് പിടികൂടി. സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കടത്തിക്കൊണ്ടുവന്ന 54 ഗ്രാം സ്വര്‍ണം, രണ്ട് ഐ ഫോണുകള്‍ എന്നിവയാണ് മുഹമ്മദ് അനീസ് എന്ന യാത്രക്കാരനില്‍ നിന്ന് പിടികൂടിയത്.


മൊത്തം ആറ് ലക്ഷം രൂപ വില വരുന്ന വസ്തുക്കളാണ് വിദേശത്തുനിന്ന് കടത്തിയത്. അനീസ് വിവരമറിയിച്ചതനുസരിച്ചാണ് തട്ടിയെടുക്കാന്‍ കണ്ണൂര്‍ സ്വദേശികള്‍ എത്തിയത്. പ്രസാദ്, കിരണ്‍, നിയാസ്, ഗിരീഷ് എന്നിവരാണ് പിടിയിലായ തട്ടിക്കൊണ്ടുപോകല്‍ സംഘം.


ഇവര്‍ യാത്ര ചെയ്ത രണ്ട് കാറുകളും പിടിച്ചെടുത്തു. കസ്റ്റംസിന്റെത് അടക്കമുള്ള പരിശോധനകള്‍ കഴിഞ്ഞ് പുറത്തെത്തിയതാണ് യാത്രക്കാരന്‍. കരിപ്പൂര്‍ പോലീസ് നിരവധി തവണ ഇങ്ങനെ യാത്രക്കാരില്‍ നിന്ന് അനധികൃത സ്വര്‍ണം പിടികൂടിയിട്ടുണ്ട്.