ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്: നിയമന ഉത്തരവിറക്കി രാഷ്ട്രപതി, നവംബർ 9ന് സത്യപ്രതിജ്ഞ
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡിനെ നിയമിച്ചു. പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമന ഉത്തരവിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു. അടുത്തമാസം 9ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
വിരമിക്കുന്ന ജസ്റ്റിസ് യുയു ലളിതാണ് ചന്ദ്രചൂഡിനെ പിൻഗാമിയായി ശുപാർശ ചെയ്തത്. നവംബർ എട്ടിനാണ് ലളിത് സ്ഥാനം ഒഴിയുന്നത്. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസാണ് പിൻഗാമിയെ നിർദ്ദേശിക്കുന്നത്. സുപ്രീം കോടതിയിലെ ഏറ്റവും സീനിയർ ജഡ്ജിയെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിർദ്ദേശിക്കുകയാണ് പതിവ്.
അയോദ്ധ്യ അടക്കം സുപ്രധാന വിധികളുടെ ഭാഗമായിട്ടുള്ള ജഡ്ജിയാണ് ചന്ദ്രചൂഡ്. ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് നിയമത്തിൽ രണ്ട് ഉന്നത ബിരുദങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. 39-ആം വയസ്സിൽ മുതിർന്ന അഭിഭാഷകനായി നിയമിക്കപ്പെട്ട ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിഭാഷകൻ കൂടിയാണ് ഇദ്ദേഹം. 1998-ൽ അദ്ദേഹം ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറലായും നിയമിതനായിരുന്നു.
അഭിഭാഷകനായിരുന്ന കാലത്ത് അദ്ദേഹം ഒക്ലഹോമ യൂണിവേഴ്സിറ്റിയിൽ ഇന്റർനാഷണൽ ലോ പഠിപ്പിക്കുകയും ബോംബെ യൂണിവേഴ്സിറ്റിയിലെ താരതമ്യ ഭരണഘടനാ നിയമത്തിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. 2013ൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ ജസ്റ്റിസ് ചന്ദ്രചൂഡ് മൂന്ന് വർഷത്തിന് ശേഷം സുപ്രീം കോടതിയിലേക്ക് ഉയർത്തപ്പെട്ടു. ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ വി ചന്ദ്രചൂഡിന്റെ മകനാണ് ജസ്റ്റിസ് ചന്ദ്രചൂഡ്.

0 അഭിപ്രായങ്ങള്