രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത 7 സർക്കാർ ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്; നടപടി ബിജെപിയുടെ പരാതിയെത്തുടർന്ന്

▂▂▂▂▂▂▂▂▂▂▂▂▂▂▂▂



എൽഡിഎഫ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത ഏഴ് സർക്കാർ ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്. ചീഫ് സെക്രട്ടറിയാണ് നോട്ടീസ് അയച്ചത്. ഒരാഴ്ചയ്‌ക്കകം വിശദീകരണം നൽകാനാണ് നിർദ്ദേശം.


ഗവർണർക്കെതിരെ സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത ജീവനക്കാർക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചീഫ് സെക്രട്ടറിയോട് ചോദിച്ചിരുന്നു. ജോലിക്ക് കയറാനായി ഓഫീസിലെത്തി പഞ്ച് ചെയ്ത ശേഷമാണോ ജീവനക്കാർ സമരത്തിനെത്തിയതെന്ന് വ്യക്തമാക്കാൻ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാർച്ചിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.


കഴിഞ്ഞ 15 നാണ് എൽഡിഎഫ് രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചത്. ഒരു ലക്ഷം പേർ മാർച്ചിൽ പങ്കെടുക്കണമെന്നായിരുന്നു പ്രഖ്യാപനം. തുടർന്ന് പ്രധാന തസ്തികകളിൽ ജോലി ചെയ്യുന്ന ഏഴുപേർ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തു. ഇതിന്റെ വീഡിയോയും ഫോട്ടോകളും ഉൾപ്പെടുത്തി ബിജെപിയാണ് ഗവർണർക്ക് പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് നടപടി.