എല്ലാവരും 9.30ന് തിരികെ കയറണം! ഹോസ്റ്റലിലെ ആൺ-പെൺ വിവേചനത്തിൽ സർക്കാർ ഉത്തരവ്
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
▂
മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിലെ ആൺകുട്ടികളും പെൺകുട്ടികളും എല്ലാം ഇനി മുതൽ രാത്രി ഒൻപത് അരയ്ക്കുള്ളിൽ ഹോസ്റ്റലിൽ തിരികെ കയറണമെന്ന് സർക്കാർ ഉത്തരവ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ലേഡീസ് ഹോസ്റ്റൽ സമയക്രമവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സർക്കാരിന്റെ ഉത്തരവ്. വിഷയത്തിൽ ഹൈക്കോടതിയും ഇടപെട്ടിരുന്നു.
മെഡിക്കൽ ഡെന്റൽ കോളേജ് ഹോസ്റ്റലുകളിലെ സമയക്രമത്തിൽ ലിംഗവിവേചനമുണ്ടെന്നും ആൺകുട്ടികൾക്ക് കൂടുതൽ സമയം പുറത്തുപോകാൻ അനുവദിക്കുന്നുണ്ടെന്നും ആരോപിച്ച് കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്. ആൺകുട്ടികളും പെൺകുട്ടികളും 9.30ന് മുൻപ് ഹോസ്റ്റലിൽ കയറണമെന്നും സെക്യൂരിറ്റി കൃത്യമായി മൂവ്‌മെന്റ് രജിസ്റ്റർ സൂക്ഷിക്കണമെന്നും സർക്കാരിന്റെ ഉത്തരവിൽ പറയുന്നു.
ഒന്നാം വർഷ ബിരുദവിദ്യാർഥികൾക്കാണ് 9:30 എന്ന സമയം കർശനമായി ബാധകമാവുക. 930ന് ശേഷം തിരികെയെത്തുന്ന ഒന്നാം വർഷ വിദ്യാർഥികൾ രക്ഷാകർത്താവിൽനിന്ന് കുറിപ്പ് വാങ്ങി വാർഡന് സമർപ്പിക്കേണ്ടതാണ്. കുറിപ്പിൽ പറയുന്ന സമയത്തിനും ശേഷമാണ് അവർ വരുന്നതെങ്കിൽ മൂവ്മെന്റ് രജിസ്റ്ററിൽ ഒപ്പുവെപ്പിച്ചതിനുശേഷം മാത്രമേ അകത്തുകടത്താവൂ എന്നുമുണ്ട്. കൂടാതെ, അധികൃതർ രക്ഷാകർത്താവിനെ വിവരമറിയിക്കണം.
രണ്ടാം വർഷം മുതൽ, വൈകി തിരികെയെത്തുന്നവർ തങ്ങളുടെ ഐഡി കാർഡുകൾ ഗേറ്റിലെ സെക്യൂരിറ്റിയെ കാണിച്ച് ബോധ്യപ്പെടുത്തുകയും മൂവ്മെന്റ് രജിസ്റ്ററിൽ സമയം കാണിച്ച് ഒപ്പുവെയ്ക്കുകയും ചെയ്തതിനുശേഷം അകത്തുപ്രവേശിക്കാം എന്നും ഉത്തരവിൽ പറയുന്നു.

0 അഭിപ്രായങ്ങള്