രാജ്യത്ത് എവിടെയിരുന്നും സ്വന്തം മണ്ഡലത്തില്‍ വോട്ടുചെയ്യാം ; സുപ്രധാന നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്കും സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാൻ സംവിധാനമൊരുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ തുടങ്ങി. താമസിക്കുന്ന ഇടങ്ങളിൽ തന്നെ വോട്ട് ചെയ്യാൻ റിമോട്ട് വോട്ടിംഗ് മെഷീനുകൾ പരീക്ഷിക്കാനാണ് ആലോചന. ഇക്കാര്യം ചർച്ച ചെയ്യാൻ അടുത്ത മാസം 16ന് രാഷ്‌ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു.
വോട്ടിങ് യന്ത്രത്തില്‍ ഇതിനായി സമഗ്രപരിഷ്ക്കാരം വരും. വോട്ടവകാശം സംരക്ഷിക്കാനും കള്ളവോട്ട് തടയാനുമുള്ള സുപ്രധാന മാറ്റത്തിന് തയ്യാറെടുക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ .പുതുതായി വികസിപ്പിച്ച എം 3 ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലാണ് സ്വന്തം മണ്ഡലത്തിന് പുറത്ത് വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുങ്ങുന്നത്. ഇതോടെ മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് യാത്ര ചെയ്യാതെ തന്നെ അവരുടെ വോട്ട് രേഖപ്പെടുത്താൻ സാധിക്കും.
യുവാക്കൾ വോട്ട് രേഖപ്പെടുത്തുന്നത് കുറഞ്ഞതോടെയാണ് ഇത്തരമൊരു നീക്കത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ തുടക്കം കുറിച്ചതെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. ഇതുസംബന്ധിച്ച് രാഷ്‌ട്രീയപാർട്ടികൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ ജനുവരി 31 വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ചിട്ടുണ്ട്
ഇത് നടപ്പാക്കുന്നതിന് മുമ്പ് നിയമപരവും ഭരണപരവും സാങ്കേതികവുമായ വെല്ലുവിളികളെ കുറിച്ച് രാഷ്‌ട്രീയ പാർട്ടികളുടെ അഭിപ്രായങ്ങളും തേടിയിട്ടുണ്ട്. റിമോട്ട് വോട്ടിംഗിനെക്കുറിച്ചുള്ള ഒരു കൺസെപ്റ്റ് നോട്ട് മാത്രമാണ് പുറത്തുവിട്ടതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ പറയുന്നു.
2019ലെ പൊതുതിരഞ്ഞെടുപ്പിൽ 67.4% പോളിങ് രേഖപ്പെടുത്തി. 30 കോടിയിലധികം വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാത്തതിൽ ആശങ്കയുണ്ടെന്ന് കമ്മീഷൻ പറഞ്ഞു. പുതിയ സ്ഥലങ്ങളിലേക്ക് മാറുന്ന വോട്ടർമാർക്ക് വിവിധ കാരണങ്ങളാൽ വോട്ട് രേഖപ്പെടുത്താൻ കഴിയുന്നില്ല. ഈ അവസരത്തിലാണ് പുതിയ നീക്കം

0 അഭിപ്രായങ്ങള്‍