വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ! കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
▂
കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം രണ്ടായിരം രൂപ നല്‍കുമെന്ന വാഗ്ദാനവുമായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. എല്ലാ വീട്ടിലേയും ഒരു വീട്ടമ്മയ്ക്ക് വാഗ്ദാനം ചെയ്ത തുക അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കും. 'ഗൃഹ ലക്ഷ്മി' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 1.5 കോടി വീട്ടമ്മമാര്‍ക്ക് പ്രയോജനം ചെയ്യുമെന്ന് പാര്‍ട്ടി അവകാശപ്പെട്ടു. ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച 'നാ നായികി' എന്ന പരിപാടിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയാണ് പ്രഖ്യാപനം നടത്തിയത്
എനിക്ക് ഒരു ചോദ്യം ചോദിക്കാനുണ്ട്. ബിജെപി സര്‍ക്കാരിന് കീഴില്‍ നിങ്ങളുടെ ജീവിതം മെച്ചപ്പെട്ടോ? നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ? കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള സ്ഥിതി നോക്കുക. വോട്ടുചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ജീവിതം വിലയിരുത്തുക', സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രിയങ്ക ഗാന്ധി പറഞ്ഞു.
നിങ്ങള്‍ക്ക് വിദ്യാഭ്യാസവും സര്‍ക്കാര്‍ ജോലിയും വേണ്ടേയെന്നും നിങ്ങള്‍ക്കും കുടുംബത്തിനും വേണ്ടി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വേണ്ടേയെന്നും പ്രിയങ്ക ചോദിച്ചു. രാഷ്ട്രീയമാണ് നിങ്ങളുടെ ശക്തിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.സംസ്ഥാനത്തെ എല്ലാ വീടുകളിലും പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്ന് പാര്‍ട്ടി വാഗ്ദാനം ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ പ്രഖ്യാപനം. അമിതമായ എല്‍പിജി വിലയുടെയും ഒരു സ്ത്രീക്ക് വഹിക്കേണ്ടിവരുന്ന ദൈനംദിന ചെലവുകളുടെയും ഭാരം പങ്കിടാനുള്ള കോണ്‍ഗ്രസിന്റെ ശ്രമമാണ് 'ഗൃഹ ലക്ഷ്മി' പദ്ധതി. ഒരു സ്ത്രീ ശാക്തീകരിക്കപ്പെട്ടാല്‍ ഒരു കുടുംബം മുഴുവനും അതിന്റെ ഫലമായി രാജ്യം ശാക്തീകരിക്കപ്പെടുമെന്നാണ് പാര്‍ട്ടിയുടെ പ്രഖ്യാപനം. മേയ് മാസത്തോടെ കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഭരണകക്ഷിയായ ബി.ജെ.പിയും കോണ്‍ഗ്രസും വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ്

0 അഭിപ്രായങ്ങള്‍