ഹൈക്കോടതി കെട്ടിടം കളമശ്ശേരിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടില്ല'; വാര്‍ത്തകള്‍ തള്ളി ചീഫ് ജസ്റ്റിസ്

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഹൈക്കോടതി കെട്ടിടം കളമശ്ശേരിയിലേക്ക് മാറ്റുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഹൈക്കോടതി കെട്ടിടം കളമശ്ശേരിയിലേക്ക് മാറ്റുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു . ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ചീഫ് ജസ്റ്റിസ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. കോടതി സമുച്ചയം മാറ്റി സ്ഥാപിക്കാനുള്ള തീരുമാനം എടുത്തിട്ടില്ല എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്നാല്‍ സ്ഥല പരിമിതി മൂലം കോടതി വികസനത്തിന് വേണ്ടി അധിക ഭൂമി ആവശ്യപ്പെട്ടിരുന്നു എന്ന് അദ്ദേഹം പറഞ്ഞു


നിലവില്‍ നഗര മധ്യത്തില്‍ കേരളാ ഹൈക്കോടതി സ്ഥിതി ചെയ്യുന്ന പ്രദേശത്തെ സ്ഥലപരിമിതിയാണ് കെട്ടിടം മാറ്റി സ്ഥാപിക്കാനുള്ള തീരുമാനങ്ങള്‍ക്ക് പുറകില്‍ എന്ന് റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു. ഗതാഗതക്കുരുക്കും ഹൈക്കോടതിക്ക് സമീപം പാര്‍ക്കിങ്ങിനുള്ള അസൗകര്യവും കൂടി ഈ നീക്കത്തിന് പുറകിലുണ്ട്. ഇതെല്ലാം ചൂണ്ടിക്കാണിച്ച് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ പുതിയ ഭൂമി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. കളമശ്ശേരിയില്‍ എച്ച്എംടിക്ക് കീഴിലുള്ള സ്ഥലമാണ് സര്‍ക്കാര്‍ പുതിയ കെട്ടിടത്തിനായി പരിഗണിച്ചത്.


കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ചീഫ് സെക്രട്ടറി വി.പി ജോയി, നിയമ വകുപ്പ് സെക്രട്ടറി വി ഹരിനായര്‍, ജില്ലാ കലക്ടര്‍ ഡോ.രേണുരാജ്, ഹൈക്കോടതി ജനറല്‍ രജിസ്ട്രാര്‍ പി.കൃഷ്ണകുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ജെസി ജോണ്‍, കണയന്നൂര്‍ തഹസില്‍ദാര്‍ രഞ്ജിത് ജോര്‍ജ് എന്നിവരടങ്ങുന്ന സംഘം കളമശ്ശേരിയില്‍ എച്ച്എംടിക്ക് സമീപമുള്ള ഭൂമി സന്ദര്‍ശിച്ചിരുന്നു. 27 ഏക്കര്‍ വരുന്ന ഈ സ്ഥലമാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ പരിഗണിച്ചത്. എന്നാല്‍ ഈ നീക്കങ്ങള്‍ക്ക് തടയിട്ടാണ് ഇപ്പോള്‍ ചീഫ് ജസ്റ്റിസ് തന്നെ രംഗത്ത് വന്നിരിക്കുന്നത്.