കേരളത്തിലെ ബാങ്കിങ് മേഖലയിലെ ഭരണരംഗത്തെ സ്ത്രീ പങ്കാളിത്തം രാജ്യത്തിന് മാതൃകയാകുകയാണ്. പൊതുമേഖല ബാങ്കുകളിലെ വനിതാ ഡയക്ടർ തസ്തികൾ നിയമനം കാത്ത് കിടക്കുമ്പോഴാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം സ്ത്രീകൾക്ക് ബാങ്കിങ്ങ് ഭരണമേഖലയിൽ മികച്ച പങ്കാളിത്തം നൽകുന്നതെന്ന് ശ്രദ്ധേയമാണ്. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് രാജ്യത്തെ 12 പൊതുമേഖല ബാങ്കുകളിലെ 122 ഡയക്ടർ തസ്തികകളിൽ 13 പേർ മാത്രമാണ് സ്ത്രീകളായുള്ളത്.
കേരളത്തിലെ 1607 പ്രാഥമികസഹകരണ ബാങ്കുകളിലും , 37 ഫാർമേഴ്‌സ് ബാങ്കുകളിലുമായി 4932 വനിതകളാണ് ഡയറക്ടർമാരായിട്ടുള്ളത്. സംസ്ഥാന സഹകരണ നിയമത്തിലെ സെക്ഷൻ 28(A) അനുസരിച്ചാണ് ഈ വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയിരിക്കുന്നത്. ഇതിനു പുറമെ വനിതാ സഹകരണപ്രസ്ഥാനങ്ങളുണ്ട്. സഹകരണ നിയമത്തിൽ മാറ്റങ്ങൾ വരുമ്പോൾ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നതും സർക്കാരിന്റെ പരിഗണനയിലാണ്. സഹകരണബാങ്കിങ് ഏറ്റവും മികച്ചരീതിയിൽ നടക്കുന്ന കേരളത്തിന്റെ ബാങ്കിങ് ഭരണരംഗത്തെ വനിതാ സാന്നിധ്യം നമ്മുടെ നാടിന് കൂടുതൽ കരുത്താകയാണ്.


0 അഭിപ്രായങ്ങള്‍