രാജ്യത്തിന്റെ ഫെഡറല്‍ ഘടന തകര്‍ക്കാന്‍ ശ്രമം; ബി ആര്‍ എസ് റാലിയില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പിണറായി
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
കോര്‍പ്പറേറ്റ് പ്രീണനത്തിനും രാജ്യത്തിന്റെ ഫെഡറല്‍ ഘടന തകര്‍ക്കാനുമാണ് കേന്ദ്രത്തില്‍ അധികാരത്തിലുള്ളവര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്കിടയില്‍ മതപരമായി ഭിന്നിപ്പുണ്ടാക്കുന്ന രീതിയില്‍ സി എ എ പോലുള്ള നിയമങ്ങളുണ്ടാക്കാനാണ് അധികാരികളുടെ നീക്കമെന്നും പിണറായി ആരോപിച്ചു. തെലങ്കാനയില്‍ ഭാരത് രാഷ്ട്ര സമിതി (ബി ആര്‍ എസ്) റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ നിലപാടെടുക്കുന്നതിലും സമാന മനസ്‌കരായ സംസ്ഥാന മുഖ്യമന്ത്രിമാരെ പരിപാടിയിലേക്ക് ക്ഷണിച്ചതിലും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ പിണറായി അഭിനന്ദിച്ചു. കേരളവും ഇവിടുത്തെ ജനങ്ങളും കെ സി ആറിനൊപ്പമുണ്ടെന്ന് പിണറായി പറഞ്ഞു.
തെലങ്കാനയിലെ ഭൂസമരങ്ങള്‍ അനുസ്മരിച്ചായിരുന്നു പിണറായി വിജയന്റെ പ്രസംഗം. നിലവിലെ കേന്ദ്ര ഭരണാധികാരികള്‍ക്ക് ഇന്ത്യ എങ്ങനെ നിര്‍മിക്കപ്പെട്ടുവെന്നറിയില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ അവര്‍ക്ക് പങ്കുണ്ടായിരുന്നില്ല. സ്വതന്ത്ര മതനിരപേക്ഷ പരമാധികാര റിപ്പബ്ലിക്കായ നമ്മുടെ രാജ്യത്തിന് ബി ജെ പി ഭീഷണിയാണ്. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു യൂണിഫോം – ഇതെല്ലാം ഫെഡറല്‍ അധികാരത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
സുപ്രധാന തീരുമാനങ്ങളെടുക്കുമ്പോള്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആലോചിക്കുന്നത് പോലുമില്ല. ഗവര്‍ണറുടെ ഓഫീസിനെ ഉപയോഗിച്ച് സംസ്ഥാനത്തിന്റെ അധികാരത്തിന് മേല്‍ കടന്നു കയറുന്നു. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗവര്‍ണറുടെ ഇടപെടല്‍ ഇതിന്റെ ഭാഗമാണെന്നും പിണറായി പറഞ്ഞു. കൊളീജിയം നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിനും പങ്കുണ്ടാകണമെന്ന കേന്ദ്രത്തിന്റെ നിലപാട് ജുഡീഷ്യല്‍ അധികാരങ്ങള്‍ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.
നാനാത്വത്തില്‍ ഏകത്വമെന്നത് ഇന്ത്യയുടെ അടിസ്ഥാനശിലയെ തകര്‍ക്കാനും വ്യാപക നീക്കങ്ങളുണ്ടാകുന്നു. ഗാന്ധിയെ കൊന്നവരാണ് ഇപ്പോള്‍ ഭരണത്തിലുള്ളത്. ഹിന്ദുത്വയും ഹിന്ദുയിസവും ഒന്നല്ല. ഹിന്ദിയെ ദേശീയഭാഷയായി ഉയര്‍ത്തിക്കാണിക്കുന്നത് മറ്റ് ഭാഷകളുടെ പ്രാധാന്യം ഇടിക്കാനാണ്. വര്‍ഗീയ അജണ്ടക്കെതിരെ ജനം ഒന്നിച്ചു പോരാടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

0 അഭിപ്രായങ്ങള്‍