അച്ഛനും കുഞ്ഞും സുഖമായിരിക്കുന്നു; ഇന്ത്യയിൽ ആദ്യമായി ട്രാൻസ്‌മാൻ കുഞ്ഞിന് ജന്മം നൽകി

▂▂▂▂▂▂▂▂▂▂▂▂▂▂▂▂




ഇന്ത്യയിൽ ആദ്യമായി ട്രാൻസ്‌മാൻ കുഞ്ഞിന് ജന്മം നൽകി. ട്രാന്‍സ് കപ്പിളായ സിയയും സഹദും ആണ് തങ്ങളുടെ സ്വന്തം കുഞ്ഞെന്ന സ്വപ്‌നത്തിലേക്ക് നടന്നടുത്തത്.  കൗതുകവും ആകാംക്ഷയും നിറഞ്ഞ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ആ സന്തോഷ വാർത്ത എത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും അല്ലാതായും സ്നേഹവും ആശംസകളും അറിയിച്ചുകൊണ്ട് ഒട്ടേറെപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.


ഗർഭധാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പിതാവ് എന്ന പ്രത്യേകത കൂടി സഹദിന് ലഭിക്കുകയാണ്. ഒരു കുഞ്ഞിനായി കാത്തിരുന്ന ദമ്പതികൾ ദത്തെടുക്കുന്നതിനെ കുറിച്ച് ആലോചിച്ചെങ്കിലും അവർ നേരിട്ട വെല്ലുവിളികൾ ചെറുതായിരുന്നില്ല. ട്രാൻസ്ജെൻഡർ പങ്കാളികളായതു കൊണ്ടുതന്നെ നിയമനടപടികൾ ഇരുവരുടേയും ആഗ്രഹത്തിന് തടസമായി മാറി.


പിന്നീടാണ് സഹദ് ഗർഭം ധരിക്കാമെന്ന ആശയം ഇരുവരിലേക്കും എത്തുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശോധനകൾക്ക് സഹദിന് മറ്റ് ആരോഗ്യപ്രശ്നമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ചികിത്സ ആരംഭിച്ചത്. സിയയിൽ നിന്നാണ് സഹദ് ഗർഭം ധരിച്ചത്. മനസ്സുകൊണ്ട് ട്രാൻസ് വ്യക്തികളായെങ്കിലും ഇരുവരുടെയും ശരീരം ഇന്നും പൂർണമായും മാറ്റങ്ങൾക്ക് വിധേയമായിട്ടില്ല. സഹദ് ഹോർമോൺ തെറപ്പിയും ബ്രസ്റ്റ് റിമൂവലും ചെയ്തു. ഗർഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയയുടെ ഘട്ടമെത്തിയപ്പോ​​ഴാണ് ഇരുവരുടെയും മനസ്സിൽ സ്വന്തം ചോരയിൽ പിറന്ന കുഞ്ഞെന്ന ആഗ്രഹം ഉദിച്ചത്. സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയിരുന്നു സഹദ്. സിയ ക്ലാസിക്കൽ ഡാൻസറും.