80 ലക്ഷം ലോട്ടറിയടിച്ചതിന് യുവാവിന്റെ മദ്യസത്കാരം, പിന്നാലെ ദുരൂഹമരണം; ഒരാള്‍ കസ്റ്റഡിയില്‍
▂▂▂▂▂▂▂▂▂▂▂▂▂▂▂
80 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പാങ്ങോട് മതിര തൂറ്റിക്കല്‍ സജിവിലാസത്തില്‍ സജീവി(35)ന്റെ മരണത്തിലാണ് സുഹൃത്തുക്കളിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. സജീവിനെ പിടിച്ചുതള്ളിയെന്ന് പറയുന്നയാളാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസമാണ് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ സജീവിന് ലോട്ടറിയടിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് സമ്മാനത്തുക ബാങ്കിലേക്കെത്തിയത്. തുടര്‍ന്ന് ഇക്കഴിഞ്ഞ ഒന്നാംതീയതി രാത്രി 9-ന് സുഹൃത്തുക്കള്‍ക്കായി മദ്യസത്കാരം സംഘടിപ്പിച്ചു. മറ്റൊരു സുഹൃത്തിന്റെ വാടകവീട്ടിലായിരുന്നു സത്കാരം.
മദ്യസത്കാരത്തിനിടയില്‍ കൂട്ടത്തിലുണ്ടായിരുന്ന സുഹൃത്തുക്കളിലൊരാള്‍ സജീവിനെ പിടിച്ചുതള്ളിയെന്നു പറയുന്നു. വീടിന്റെ മുറ്റത്തുനിന്ന് ഒരു മീറ്റര്‍ താഴ്ചയിലുള്ള റബ്ബര്‍തോട്ടത്തിലേക്ക് വീണ സജീവിനു ശരീരതളര്‍ച്ചയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ സഹോദരന്‍ സജിയെ വിവരമറിയിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മരിച്ചത്.

0 അഭിപ്രായങ്ങള്‍