താനൂർ ബോട്ട് ദുരന്തം: ബോട്ടുടമ നാസർ അറസ്റ്റിൽ.
08.05.2023
മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ 'അറ്റ്ലാന്റിക്' ബോട്ടിന്റെ ഉടമ നാസർ അറസ്റ്റിൽ. കോഴിക്കോട് എലത്തൂരിൽ നിന്നാണ് നാസർ പിടിയിലായത്. ഒരു വീട്ടിൽ ഒളിവിലുണ്ടെന്ന് വിവരം ലഭിച്ചതോടെ പോലീസ് തിരച്ചിൽ നടത്തുകയായിരുന്നു. അപകടത്തിന് പിന്നാലെ നാസർ ഒളിവിൽ പോയിരുന്നു.
നാസറിന്റെ കാർ കൊച്ചി പോലീസ് തിങ്കളാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ നാസറിന്റെ സഹോദരൻ സലാം, മുഹമ്മദ് ഷാഫി എന്നിവരെയും കൊച്ചി പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കൊച്ചിയിൽ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇവർ പോലീസിന്റെ പിടിയിലാകുന്നത്. ഹൈക്കോടതിയിൽനിന്ന് ജാമ്യം തേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇവർ കൊച്ചിയിൽ എത്തിയത്.
ഞായറാഴ്ച രാത്രി മുതൽ ഒളിവിൽ പോയ നാസറിനെ കണ്ടെത്താൻ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോഴാണ് കൊച്ചിയിലുണ്ടെന്ന വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കാർ കണ്ടെത്തുന്നത്. കാറിനുള്ളിൽനിന്ന് നാസറിന്റെ ഫോണും കണ്ടെടുത്തിരുന്നു.


0 അഭിപ്രായങ്ങള്‍