കോടതി വിധിക്ക് പിന്നാലെ കെഎസ്ഇബിയിലെ മീറ്റർ റീഡർമാരിൽ പലർക്കും ജോലി നഷ്ടമാകും :-


22-11-2023


കൊച്ചി: എൻടിസി യോ​ഗ്യതയില്ലാത്ത കെ.എസ്.ഇ.ബിയിലെ മീറ്റർ റീഡർമാർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യത. ഹൈക്കോടതി വിധിയാണ് എൻ.ടി.സി. സർട്ടിഫിക്കറ്റില്ലാത്ത ഡിഗ്രി/ഡിപ്ലോമക്കാർക്ക് ജോലി നഷ്ടമാകുന്നതിന് വഴിയൊരുക്കുന്നത്. ഇലക്ട്രീഷ്യൻ/വയർമെൻ/ഇലക്ട്രോണിക് ട്രേഡ് എന്നിവയിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുള്ളവരെയാകണം കെ എസ് ഇ ബിയുടെ മീറ്റർ റീഡർ/സ്‌പോട്ട് ബില്ലർ തസ്തികയിലേക്കുള്ള റാങ്ക്പട്ടികയിൽ ഉൾപ്പെടുത്തേണ്ടത് എന്നാണ് ഹൈക്കോടതിയുടെ വിധി. നിലവിലെ റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്നും കോടതി ഉത്തരവിട്ടതോടെയാണ് നിലവിലെ റാങ്ക് പട്ടികയിൽ നിന്നും നിയമനം ലഭിച്ച പലരുടെയും ഭാവി തുലാസിലായിരിക്കുന്നത്.


2015 ജനുവരി 28-ന് പി.എസ്.സി പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്നും ജോലി ലഭിച്ചവർക്കാണ് ഇപ്പോൾ പ്രതിസന്ധി. വിജ്ഞാപനത്തിൽ യോഗ്യതയായി നിശ്ചയിച്ചത് എട്ടാം ക്ലാസും ഐ.ടി.ഐ. നടത്തുന്ന എൻ.ടി.സി.സർട്ടിഫിക്കറ്റ് യോഗ്യതയുമായിരുന്നു. പിന്നീട് ഡി​ഗ്രിയോ ഡിപ്ലോമയോ ഉള്ളവർക്കും ഇതേ തസ്തികയിലേക്ക് അപേക്ഷിക്കാം എന്ന് പി എസ് സി ഉത്തരവിറക്കി.