ലീഗിന് പിന്തുണ : സംയുക്ത പ്രസ്താവനാ നിര്‍ദ്ദേശം തള്ളി സമസ്ത

തിരുവനന്തപുരം:തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിനെ പിന്തുണച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാനുള്ള മുസ്ലിംലീഗ് സമ്മര്‍ദ്ദം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തള്ളി. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളും സമസ്ത പ്രസിഡന്റ്  ജിഫ്രി മുത്തുക്കോയതങ്ങളും സംയുക്ത പ്രസ്താവന ഇറക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ജിഫ്രി തങ്ങളും സമസ്ത ജനറല്‍ സെക്രട്ടറി  കെ ആലിക്കുട്ടി മുസ്ല്യാരും  ഇതിന് തയ്യാറായില്ല.


പരമ്പരാഗതമായി ലീഗ് പോഷകസംഘടനയെപ്പൊലെ പരിഗണിക്കുന്ന സമസ്തയുടെ ഈ നിലപാട് ലീഗിന് കനത്ത തിരിച്ചടിയാണ്. ഇടതുപക്ഷത്തെ അനുകൂലിച്ച സമസ്ത സംസ്ഥാന സെക്രട്ടറി ഉമര്‍ഫൈസി മുക്കത്തെ പേരെടുത്ത് വിമര്‍ശിക്കണമെന്ന നിര്‍ദ്ദേശവും ഇരുവരും അംഗീകരിച്ചില്ല. സാദിഖലി തങ്ങളും ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുമാണ് പാണക്കാട് വെച്ച് മാധ്യമങ്ങളെ കാണണം, അല്ലെങ്കില്‍ സംയുക്ത   പ്രസ്താവന എന്ന ആവശ്യം ഉന്നയിച്ചത്.


എന്നാല്‍  ഏതെങ്കിലും രാഷ്ട്രീയകക്ഷിയേയോ മുന്നണിയേയോ പരസ്യമായി പിന്തുണക്കേണ്ടതില്ലെന്ന നിലപാടില്‍ സമസ്ത നേതാക്കള്‍ ഉറച്ചുനിന്നു. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും വ്യക്തിപരമായി അഭിപ്രായങ്ങളാകാം. അതിനെ സംഘടനയുടേതായി കാണുന്നില്ല.   സുന്നി യുവജനസംഘം നേതാക്കളായ നാസര്‍ഫൈസി കൂടത്തായി, ഓണമ്പിള്ളി മുഹമ്മദ്‌ഫൈസി, അബ്ദുസമദ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പരസ്യമായി ലീഗിന് അനുകൂലമായി പരസ്യനിലപാട് സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍ ഉമര്‍ഫൈസിയെ മാത്രം വിമര്‍ശിക്കാനാകില്ലെന്നും വ്യക്തമാക്കി.

തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിന് സമസ്ത ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന വാര്‍ത്താകുറിപ്പ് പുറത്തിറക്കി.