ഗ്രാമീണ്‍ ബാങ്കുകളില്‍ 9995 ഓഫീസര്‍/ ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍ :-



     14-06-2024                            

                                                                                                


രാജ്യത്തെ വിവിധ റീജണല്‍ റൂറല്‍ ബാങ്കുകളിലെ ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള നിയമനത്തിനായി ഇന്ത്യന്‍ ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്.) നടത്തുന്ന 2024-ലെ പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസ് അസിസ്റ്റന്റ്, ഓഫീസര്‍ (സ്‌കെയില്‍ I, II, III) തസ്തികകളിലായി 9995 ഒഴിവുകളാണ് നിലവിലുള്ളത്. ബിരുദധാരികള്‍ക്കും സി.എ./ എം.ബി.എ. യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ഓഗസ്റ്റ് മാസത്തില്‍ പരീക്ഷ നടക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം. കേരളത്തിലെ ഏക റീജണല്‍ റൂറല്‍ ബാങ്കായ കേരള ഗ്രാമീണ്‍ ബാങ്കില്‍ ആകെ 330 ഒഴിവാണുള്ളത്.


ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടി പര്‍പ്പസ്): 18-28, ഓഫീസര്‍ (സ്‌കെയില്‍-I): 18-30, ഓഫീസര്‍ (സ്‌കെയില്‍-II): 21-32, ഓഫീസര്‍ (സ്‌കെയില്‍-III): 21-40 എന്നിങ്ങനെയാണ് ഓരോ തസ്തികയിലെയും പ്രായപരിധി. 2024 ജൂണ്‍ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും 35 വയസ്സുവരെ (ഒ.ബി.സി.-38, എസ്.സി., എസ്.ടി.-40) അപേക്ഷിക്കാം. വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ട്.


യോഗ്യത:


ഓഫീസ് അസിസ്റ്റന്റ്: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. അപേക്ഷിക്കുന്ന ബാങ്ക് ഉള്‍പ്പെടുന്ന സ്ഥലത്തെ പ്രാദേശികഭാഷ അറിയണം. കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.


ഓഫീസര്‍ സ്‌കെയില്‍-I (അസിസ്റ്റന്റ് മാനേജര്‍): ഏതെങ്കിലും വിഷയത്തില്‍ ബിരുദം. അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ഫോറസ്ട്രി, അനിമല്‍ ഹസ്ബന്‍ഡ്രി, വെറ്ററിനറി സയന്‍സ്, അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, പിസികള്‍ച്ചര്‍, അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോ-ഓപ്പറേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മാനേജ്‌മെന്റ്, ലോ, ഇക്കണോമിക്സ്, അക്കൗണ്ടന്‍സി എന്നി വിഷയങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്കും മുന്‍ഗണനയുണ്ടായിരിക്കും. അപേക്ഷിക്കുന്ന ബാങ്ക് ഉള്‍പ്പെടുന്ന സ്ഥലത്തെ പ്രാദേശികഭാഷ അറിയണം. കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.


ഓഫീസര്‍ സ്‌കെയില്‍-II ജനറല്‍ ബാങ്കിങ് ഓഫീസര്‍ (മാനേജര്‍): 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബാങ്കുകളിലോ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷനുകളിലോ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവും. ബാങ്കിങ്, ഫിനാന്‍സ്, മാര്‍ക്കറ്റിങ്, അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ഫോറസ്ട്രി, അനിമല്‍ ഹസ്ബന്‍ഡ്രി, വെറ്ററിനറി സയന്‍സ്, അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, പിസികള്‍ച്ചര്‍, അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോഓപ്പറേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മാനേജ്‌മെന്റ്, ലോ, ഇക്കണോമിക്സ്, അക്കൗണ്ടന്‍സി എന്നീ വിഷയങ്ങളില്‍ ബിരുദം നേടിയര്‍ക്ക് മുന്‍ഗണന ലഭിക്കും.


ഓഫീസര്‍ സ്‌കെയില്‍-II സ്പെഷ്യലിസ്റ്റ് ഓഫീസേഴ്‌സ് (മാനേജര്‍): ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി.യില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദവും ഒരുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവും. അല്ലെങ്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയില്‍നിന്നുള്ള സി.എ.യും ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ഒരുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവും. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള നിയമബിരുദവും അഭിഭാഷകനായോ ബാങ്ക്/ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷനുകളുടെ ലോ ഓഫീസറായോ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവും. അല്ലെങ്കില്‍ സി.എ./എം.ബി.എ.യും (ഫിനാന്‍സ്) ഒരുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവും. എം.ബി.എ.യും (മാര്‍ക്കറ്റിങ്) ഒരുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവും. 50 ശതമാനം മാര്‍ക്കോടെ അല്ലെങ്കില്‍ അഗ്രികള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചര്‍/ ഡെയറി/ അനിമല്‍ ഹസ്ബന്‍ഡ്രി/ ഫോറസ്ട്രി/ വെറ്ററിനറി സയന്‍സ്, അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, പിസികള്‍ച്ചര്‍ എന്നിവയിലൊന്നില്‍ ബിരുദം/ തത്തുല്യവും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവും.


ഓഫീസര്‍ സ്‌കെയില്‍-III (സീനിയര്‍ മാനേജര്‍): 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം/ തത്തുല്യം, ബാങ്ക്/ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ ഓഫീസര്‍ തസ്തികയില്‍ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം. ബാങ്കിങ്, ഫിനാന്‍സ്, മാര്‍ക്കറ്റിങ്, അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ഫോറസ്ട്രി, അനിമല്‍ ഹസ്ബന്‍ഡ്രി, വെറ്ററിനറി സയന്‍സ്, അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, പിസികള്‍ച്ചര്‍, അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോ-ഓപ്പറേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മാനേജ്‌മെന്റ്, ലോ, ഇക്കണോമിക്സ്, അക്കൗണ്ടന്‍സി എന്നിവയില്‍ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.


പരീക്ഷാകേന്ദ്രങ്ങള്‍:


പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തില്‍ ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ കേന്ദ്രമുണ്ടാവും. മെയിന്‍ പരീക്ഷയ്ക്ക് കൊച്ചി, കൊഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും കേന്ദ്രങ്ങള്‍.


അപേക്ഷ:


ഒരാള്‍ക്ക് രണ്ട് തസ്തികയ്ക്കുവരെ അപേക്ഷിക്കാം. ഓഫീസര്‍ (മള്‍ട്ടി പര്‍പ്പസ്) തസ്തികയ്ക്കും ഓഫീസര്‍ തസ്തികയിലെ സ്‌കെയില്‍ I, II, III എന്നിവയിലെ ഒന്നിനുമാണ് അപേക്ഷിക്കാനാവുക. എന്നാല്‍, ഇതിന് വെവ്വേറെ ഫീസടയ്ക്കണം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം ഒപ്പ്, ഫോട്ടോ, കൈകൊണ്ടെഴുതിയ പ്രസ്താവന, ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന മാതൃകയില്‍ അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിനും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.ibps.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 27.