സുവർണ്ണ ജൂബിലിയിലേക്ക് സൊപ്രാനോ, ലോഗോ പ്രകാശനം ഇന്ന്
പാലങ്ങാട് എന്ന ഗ്രാമത്തെ ഇന്ത്യൻ വോളിബോളിൽ അടയാളപ്പെടുത്തിയ സൊപ്രാനോ എൻജിനീയറിങ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തന വീഥിയിൽ 50 വർഷം പൂർത്തീകരിക്കുകയാണ്. 1975 ൽ സ്ഥാപിതമായ സൊപ്രാനോ അതിൻറെ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടികൾ 2025 ജനുവരി മുതൽ ഡിസംബർ വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആസൂത്രണം ചെയ്യുകയാണ്. ഗോൾഡൻ ജൂബിലിയുടെ ലോഗോ പ്രകാശനം 2024 ഡിസംബർ 24 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് മുൻ ഇന്ത്യൻ ഇന്റർനാഷണൽ താരവും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ് നിർവഹിക്കുന്നു. പ്രസ്തുത ചടങ്ങിൽ കൊടുവള്ളി നിയോജകമണ്ഡലം എംഎൽഎ ഡോക്ടർ എം കെ മുനീർ, കുന്നമംഗലം എംഎൽഎ പിടിഎ റഹീം, കവിയും ഗാനരചയിതാവുമായ പി പി ശ്രീധരനുണ്ണി, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് ഒ. രാജഗോപാൽ, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം, വാർഡ് മെമ്പർ ടി രാജു, കോഴിക്കോട് ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി കെ കെ മുസ്തഫ തുടങ്ങിയവർ സംബന്ധിക്കും.
അഭിമാനകരമായ 50 വർഷം പൂർത്തീകരിക്കുന്ന ക്ലബ്ബിന് നേട്ടത്തിന്റെ അനവധി ഇതിഹാസ ഗാഥകൾ അയവിറക്കാൻ ഉണ്ട്. വോളിബോളിനൊപ്പം സംഗീതവും എൻജിനീയറിങ്ങും ചാരുത പകർന്ന പ്രവർത്തന വീഥിയിൽ അംഗീകാരങ്ങളുടെ അനവധി മുഹൂർത്തങ്ങൾ ക്ലബ്ബിന് ഓർത്തെടുക്കാനുണ്ട്. വാർത്തകൾ അറിയാൻ ആകാശവാണിയെയും ദൂരദർശനെയും വളരെ ദൂരെ നിന്നു പോലും കേൾക്കാനും കാണാനും എത്തുന്നവർക്ക് സൊപ്രാനോ ഓഫീസ് ഒരു അത്താണിയായിരുന്നു. ഇന്ദിരാഗാന്ധിയുടെ മരണവും സംസ്കാര ചടങ്ങുകളും 100 കണക്കിന് ആളുകൾ സൊപ്രാനോയുടെ ഓഫീസിനു മുന്നിൽ കണ്ടുനിന്നു. ടെക്നോളജിയുടെ പുതുമകളെ നാടിന് ആദ്യം പകർന്നു നൽകാനും റാഫിയുടെയും കിഷോർകുമാറിന്റെയും മധുരഗാനങ്ങൾ ഗ്രാമഫോണിലൂടെ നാട്ടുകാരെ കേൾപ്പിക്കുന്നതിനും അക്കാലത്ത് ക്ലബ്ബിന് സാധിച്ചിരുന്നു.
കേരള വോളി ചരിത്രത്തിൽ സൊപ്രാനോക്കും പാലങ്ങാട് എന്ന ഗ്രാമത്തിനും തലയെടുപ്പുള്ള മേൽവിലാസം ഉണ്ട്. ഗ്രാമീണ വോളിയുടെ സുവർണ്ണ കാലമായിരുന്ന 80കളിലും 90കളിലും സംസ്ഥാനതല ജില്ലാതല ടൂർണമെന്റുകളിൽ സൊപ്രാനോ പാലങ്ങാട് ഒരു അവിഭാജ്യ ഘടകമായിരുന്നു. ഐതിഹാസിക പ്രകടനങ്ങളും ത്രസിപ്പിക്കുന്ന വിജയങ്ങളുമായി ക്ലബ്ബ് അക്കാലത്ത് വോളി പ്രേമികളുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടി. ബാലുശ്ശേരിയിൽ നടന്ന അഖില കേരള വോളി ടൂർണമെന്റിൽ പങ്കെടുത്ത് ശ്രദ്ധേയമായ പ്രകടനം നടത്തി. - കേരളോത്സവം സംസ്ഥാനതല വിജയികളാവാൻ ക്ലബ്ബിനു കഴിഞ്ഞു. സൊപ്രാനോയുടെ പച്ചപ്പ് നിറഞ്ഞ പുൽ മൈതാനിയിൽ ഗ്രൗണ്ടിന് നടുവിലത്തെ മനോഹരമായ വോളി കോർട്ടിൽ കളിക്കാൻ കൊതിക്കാത്തവരായി അന്ന് ആരുമുണ്ടായിരുന്നില്ല. മനോഹരമായ ഈ കളി മൈതാനിയിൽ നിന്ന് ഇന്ത്യൻ വോളിബോളിന്റെയും കേരള വോളിയുടെയും മൈതാന മധ്യങ്ങളിൽ അതിശയം തീർത്ത നിരവധി കളിക്കാരുണ്ടായി. ആന്ധ്ര സ്റ്റേറ്റിനു വേണ്ടിയും കേരള സ്റ്റേറ്റ് ടീമിന് വേണ്ടിയും കളം നിറഞ്ഞു കളിച്ച മുഹമ്മദ് ഹാരിസ്, വോളിബോളിന്റെ സൗന്ദര്യം ചലനങ്ങളിൽ ആവാഹിച്ച് കേരള സ്റ്റേറ്റ് സീനിയർ ടീമിലെയും ടൈറ്റാനിയം ക്ലബ്ബിലെയും താരമായിരുന്ന അബ്ദുല്ലത്തീഫ് തുടങ്ങി മുഹമ്മദ് കോയ, അനിൽകുമാർ, അബ്ദുൽ മുനീർ, റംഷാദ് എന്നിങ്ങനെ ഈ വർഷം സബ്ജൂനിയർ ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ച റഹീൽ വരെ നീണ്ടുനിൽക്കുന്ന കളിക്കാരുടെ പട്ടികയിൽ പ്രതിഭയുടെ കയ്യൊപ്പ് ചാർത്തിയ എണ്ണിയാലൊടുങ്ങാത്ത താരങ്ങളെ വാർത്തെടുക്കാൻ സൊപ്രാനോക്ക് കഴിഞ്ഞു. സബ്ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ ടീമുകളിൽ സെലക്ഷൻ നേടാനും അതുവഴി മികച്ച ജോലികൾക്ക് ശ്രമിക്കാനും ഒരു സാധാരണ ഗ്രാമീണ യുവതയെ നയിക്കാൻ ക്ലബ്ബിന് കഴിഞ്ഞു.
ഗ്രാമീണ് വോളി, പ്രോ- വോളിക്ക് വഴിമാറുമ്പോൾ മാറുന്ന കാലത്തിൻറെ കായിക സങ്കല്പങ്ങൾക്കൊപ്പം സഞ്ചരിക്കാൻ തയ്യാറെടുക്കുകയാണ് സൊപ്രാനോ. സ്ഥിരം ഫ്ലഡ്ലിറ്റ് സംവിധാനത്തിലേക്ക് ഗ്രൗണ്ട് മാറിയത് കഴിഞ്ഞ വർഷമാണ്. 50 വർഷം പൂർത്തീകരിക്കുമ്പോൾ നിർമ്മാണ രംഗത്തും കലാകായിക രംഗങ്ങളിലും ക്ലബ്ബിന് നിരവധി പദ്ധതികൾ ഉണ്ട്. ഗോൾഡൻ ജൂബിലിയുടെ നിറവിൽ പുത്തൻചുവടുകൾ വയ്ക്കാൻ ഒരുങ്ങുന്ന സൊപ്രാനോ അതിൻറെ പുതിയ പ്രവർത്തന മണ്ഡലങ്ങളിൽ കായിക പ്രേമികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുകയാണ്.


0 അഭിപ്രായങ്ങള്