സർഗസ്മൃതിയുമായെത്തി പുരസ്കാരം സമ്മാനിച്ചു
കോഴിക്കോട്ടെ സാംസ്കാരിക രാഷ്ട്രീയ, ഗ്രന്ഥശാല പ്രവർത്തകനായിരുന്ന എ പി പാച്ചറുടെ പുരസ്കാരം സമ്മാനിക്കാൻ ചുരം കയറി ചിലങ്കം കൾച്ചറൽ ഫോറം. പരിസ്ഥിതി –-സാംസ്കാരിക സാഹിത്യരംഗത്ത് രണ്ടരപതിറ്റാണ്ടായി പ്രവർത്തിക്കുന്ന ചിലങ്കം വിത്തച്ഛന്റെ മണ്ണിലാണ് പുരസ്കാരസമർപ്പണം നടന്നത്തിയത്. വിത്തിന്റെ ജീവൻ തേടിയാണ് വിദ്യാർഥികളും മുതിർന്നവരുമടങ്ങുന്ന സംഘം ചെറുവയൽ രാമന്റെ വീട്ടിലെത്തിയത്. തിരുവനന്തപുരം ഗവ. വനിതാകോളേജിലെ മലയാളവിഭാഗം അസി. പ്രൊഫസർ എ ജൂലി പത്മശ്രീ ചെറുവയൽ രാമനിൽ നിന്ന് എ പി പാച്ചർ സ്മാരക പുരസ്കാരം ഏറ്റുവാങ്ങി. ഭൂമിയുടെ വിത്താണ് മനുഷ്യരെന്നും അതുകൊണ്ട് മണ്ണിനെയും പ്രകൃതിയേയും സ്നേഹിക്കുകയും പരസ്‌പരം പ്രകൃതിയോടിണങ്ങി ജീവിക്കണമെന്നും പുരസ്കാരം സമർപ്പിച്ച് കൊണ്ട് ചെറുവയൽ രാമൻ പറഞ്ഞു.
അടിമത്ത വ്യവസ്ഥയും വിമോചനത്തിന്റെ രാഷ്ട്രീയവും തിരഞ്ഞെടുത്ത ആത്മകഥകളെ അടിസ്ഥാനമാക്കിയുള്ള പഠനം എന്ന വിഷയത്തില്‍ നടത്തിയ പ്രബന്ധത്തിനാണ് പുരസ്കാരം. 15,000 രൂപയും സാക്ഷ്യപത്രവും ഫലകവും ചെറുവയൽ രാമൻ സമ്മാനിച്ചു.മുക്കം കെഎംസിടി ടിടിഐയിലെ അധ്യാപക വിദ്യാർഥികൾ വിത്തച്ഛനുമായി സംവാദം നടത്തി. കമ്മനയിലെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ ചിലങ്കം കൾച്ചറൽ ഫോറം ഡയറക്ടർ സയൻസൺ പുന്നശ്ശേരി അധ്യക്ഷം വഹിച്ചു. കെഎംസിടി ടിടിഐ പ്രിൻസിപ്പൽ സി രാജൻ, ഡോ. വി ജയരാജ്, പി രജീഷ്‌കുമാർ, പുനത്തിൽ ഹുസൈൻ, ഐ വി സജിത്ത്, പി പെരവക്കുട്ടി, വിജയൻ മുണ്ടോളി, പി രാഘവൻ തുടങ്ങിയവർ സംസാരിച്ചു. രമേശൻ കല്ലേരി സ്വാഗതവും അശ്വതി കാരക്കുന്ന് നന്ദിയും പറഞ്ഞു.

0 അഭിപ്രായങ്ങള്‍