വൈദ്യുതി വേലി നിര്‍മിക്കാന്‍ പ്രത്യേക അനുമതി വേണം; വൈദ്യുതി മോഷണം ക്രിമിനല്‍ കുറ്റം :-
വൈദ്യുതി വേലി നിര്‍മിക്കാന്‍ പ്രത്യേക അനുമതി വേണമെന്നും വൈദ്യുതി മോഷണം ക്രിമിനല്‍ കുറ്റമാണെന്നും കെഎസ്ഇബി. വൈദ്യുതി വേലിയില്‍നിന്ന് ഷോക്കേറ്റുള്ള അപകടങ്ങള്‍ അടുത്തകാലത്തായി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കെഎസ്ഇബി ഇക്കാര്യം അറിയിച്ചത്. രണ്ടുകൊല്ലത്തിനിടെ 24 പേരാണ് വൈദ്യപതി വേലിയിൽനിന്ന് ഷോക്കേറ്റ് മരിച്ചത്. അടുത്തിടെ രണ്ടു കുട്ടികളുള്‍പ്പെടെ ഷോക്കേറ്റ് മരിക്കുന്ന സ്ഥിതിയുണ്ടായി. കെഎസ്ഇബിയുടെ വൈദ്യുതി ലൈനില്‍നിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ചോ, വീട്ടിലെ കണക്‌ഷനിൽ നിന്നോ, വേലികളിലേക്ക് വൈദ്യുതി കടത്തിവിടുന്നതാണ് അപകടത്തില്‍ കലാശിക്കുന്നത്. വന്യജീവി ആക്രമണത്തെയും വിളനാശത്തെയും ചെറുക്കാന്‍ വൈദ്യുതി വേലികള്‍ സ്ഥാപിക്കുന്നതിന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ നിന്നുള്ള പ്രത്യേക അനുമതി ആവശ്യമാണെന്നും അധികൃതർ അറിയിച്ചു.
ഒരു കാരണവശാലും കെഎസ്ഇബി ലൈനില്‍ നിന്നുള്ള വൈദ്യുതി നേരിട്ടോ അല്ലാതെയോ ഇത്തരം വൈദ്യുതി വേലികളിലേക്കു പ്രവഹിപ്പിക്കാന്‍ പാടില്ല. ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് IS -302-2-76- (1999 ) സെക്‌ഷൻ 76 പാര്‍ട്ട് 2 പ്രകാരം ഇംപള്‍സ് ജനറേറ്റര്‍ ഉള്ള, ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഫെന്‍സ് എനെര്‍ജൈസേഴ്‌സ് മാത്രമേ ഉപയോഗിക്കാവൂ. വൈദ്യുത വേലികള്‍ക്കുവേണ്ടി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് 2003 ലെ ഇലക്ട്രിസിറ്റി നിയമം, ഭാഗം 14- വകുപ്പ് 135 (1 ) (e ) പ്രകാരം നിയമവിരുദ്ധവും 3 വര്‍ഷം വരെ തടവും പിഴയും രണ്ടും കൂടിയോ ചുമത്താവുന്ന ക്രിമിനല്‍ കുറ്റവുമാണ്. വൈദ്യുതിയുടെ ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ കെഎസ്ഇബി സെക്‌ഷൻ ഓഫിസിലോ 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ അറിയിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.

0 അഭിപ്രായങ്ങള്‍