'


നിപാ സമ്പർക്കപ്പട്ടികയിലെ വയോധിക മരിച്ചു :-


          09.07.2025 

മലപ്പുറം: നിപാ ബാധിതയായി മരിച്ച മക്കരപ്പറമ്പ് സ്വദേശിനിയായ പതിനെട്ടുകാരിയുടെ സമ്പർക്കപ്പട്ടികയിലുൾപ്പെട്ട വയോധിക മരിച്ചു. പരപ്പനങ്ങാടി സ്വദേശിനിയായ 78കാരിയാണ് ബുധനാഴ്ച രാവിലെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മക്കരപ്പറമ്പ് സ്വദേശിനി പനി ബാധിച്ച് ഐസിയുവിലായ സമയം അടുത്ത കിടക്കയിൽ ഇവരും ഉണ്ടായിരുന്നു. ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിയ വയോധികയെ ഹൃദയാഘാതത്തെ തുടർന്നാണ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്.


സമ്പർക്കപ്പട്ടികയിൽ ഹൈറിസ്ക് വിഭാ​ഗത്തിലായിരുന്നു ഇവർ. മരണം സ്ഥിരീകരിച്ചപ്പോൾ ബന്ധുക്കൾ‌ നിർബന്ധപൂർവം മൃതദേഹം കൊണ്ടുപോവുകയായിരുന്നുവെന്നാണ് സ്വകാര്യ ആശുപത്രിയിൽനിന്ന് ആരോ​ഗ്യവകുപ്പിന് ലഭിച്ച വിവരം. ബന്ധുക്കൾ കൊണ്ടുവന്ന ആംബുലൻസിൽ കയറ്റിയാണ് മൃതദേ​ഹം വീട്ടിലെത്തിച്ചത്. സമ്പർക്കപ്പട്ടികയിലുള്ളയാൾ മരിച്ചെന്ന വിവരം ലഭിച്ച ആരോ​ഗ്യവകുപ്പ് പൊലീസ് ഇടപടെൽ ആവശ്യപ്പെട്ടു.  മഞ്ചേരി ​ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൈറോളജി ലാബിലാണ് ട്രൂനാറ്റ് പരിശോധന നടത്തുന്നത്.