*വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം ; പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു*



`POONOOR VARTHAKAL 18.07.2025`




കൊല്ലം :സ്കൂളില്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപ‌ടി.കൊല്ലം തേവലക്കര സ്കൂളിലെ പ്രധാനാധ്യാപിക എസ്.സുജയെ സസ്പെൻഡ് ചെയ്ത് കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.സ്കൂളില്‍ വിദ്യാർഥികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതില്‍ പ്രധാനാധ്യാപിക വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.സീനിയർ അധ്യാപികയായ ജി.മോളിക്ക് എച്ച്‌എമ്മിന്‍റെ ചുമതല നല്‍കി.സ്കൂള്‍ മാനേജരുടെ നിർദേശപ്രകാരം വിദ്യാഭ്യാസ ഉപ ഡയറക്ടറാണ് നടപ‌ടി സ്വീകരിച്ചത്.സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് മിഥുന്‍ മനു (13) ഷോക്കേറ്റ് മരിച്ചത്.പിന്നാലെ സ്‌കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് കാണിച്ച്‌ വൈദ്യുതി വകുപ്പ് സർക്കാരിന് റിപ്പോർട്ട് നല്‍കിയിരുന്നു.സംഭവത്തില്‍ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി ആവശ്യപ്പെട്ടിരുന്നു.മാനേജ്മെന്‍റ് നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കും.വിഷയത്തെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് ലഭിച്ചു.സ്‌കൂള്‍ മാനേജ്മെന്‍റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.