അഖിലേന്ത്യ പണിമുടക്ക്‌ ഇന്ന്‌ അർധരാത്രിമുതൽ ; സ്വകാര്യ ബസ്‌ സമരം ഇന്ന്‌ :-


          08.07.2025 


തിരുവനന്തപുരം:- കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ, കർഷകവിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും നടത്തുന്ന അഖിലേന്ത്യ പണിമുടക്ക് സംസ്ഥാനത്ത് സമ്പൂർണമാകും. ചൊവ്വ രാത്രി 12 മുതൽ ബുധൻ രാത്രി 12വരെ 24 മണിക്കൂറാണ്‌ പണിമുടക്ക്‌. കേന്ദ്രസർക്കാരിനോടുള്ള വിധേയത്വം കാരണം ബിഎംഎസ്‌ പങ്കെടുക്കുന്നില്ലെങ്കിലും കേന്ദ്രനയത്തിന്റെ കെടുതികൾ അനുഭവിക്കുന്ന എല്ലാ തൊഴിലാളികളും അണിനിരക്കും. പതിനേഴിന ആവശ്യങ്ങൾ ഉയർത്തിയാണ്‌ പണിമുടക്ക്‌,


ചൊവ്വാഴ്‌ച രാത്രി സംസ്ഥാനത്തെങ്ങും തൊഴിലാളികൾ പന്തം കൊളുത്തി പ്രകടനം നടത്തും. തൊഴിലാളികളും കേന്ദ്ര–-സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും മോട്ടോർ വാഹന തൊഴിലാളികളും വ്യാപാരികളും ബാങ്കിങ്‌, ഇൻഷുറൻസ്‌ മേഖലയിലുള്ളവരും ഉൾപ്പെടെ സമൂഹത്തിന്റെ സമസ്‌ത മേഖലയിലുമുള്ള തൊഴിലാളികളും കണ്ണിചേരുന്നതോടെ പണിമുടക്ക്‌ രാജ്യചരിത്രത്തിലെ മറ്റൊരു അവിസ്‌മരണീയ അധ്യായമാകും. ആശുപത്രികൾ, ആംബുലൻസ്‌, മാധ്യമസ്ഥാപനങ്ങൾ, പാൽ വിതരണം തുടങ്ങിയ അവശ്യസർവീസുകളെ പണിമുടക്കിൽനിന്ന് ഒഴിവാക്കി.


സംസ്ഥാനത്ത്‌ വിവിധ കേന്ദ്രങ്ങളിൽ പണിമുടക്കുന്ന തൊഴിലാളികളും ജീവനക്കാരും പ്രകടനവും പൊതുയോഗവും നടത്തും. തലസ്ഥാനത്ത് 10,000ത്തിലധികം തൊഴിലാളികൾ പങ്കെടുക്കുന്ന പ്രകടനവും രാജ്‌ഭവന് മുന്നിൽ കൂട്ടായ്‌മയും നടത്തും. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം
ചെയ്യും.


*സ്വകാര്യ ബസ്‌ സമരം ഇന്ന്‌*


വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ സംയുക്ത ബസ്‌ ഉടമാ സമിതി നടത്തുന്ന 24 മണിക്കൂർ സമരം തിങ്കൾ അർധരാത്രി ആരംഭിച്ചു. ട്രാൻസ്‌പോർട്ട്‌ കമീഷണർ നാഗരാജു ചകിലവുമായുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ്‌ സൂചനസമരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്ന്‌ ജനറൽ കൺവീനർ ടി ഗോപിനാഥൻ പറഞ്ഞു. സമരം ചൊവ്വ അർധരാത്രി 12ന്‌ അവസാനിക്കും.


22 മുതൽ അനിശ്ചിതകാല പണിമുടക്ക്‌ നടത്തും. ലിമിറ്റഡ്‌ സ്റ്റോപ്പ്‌ ബസുകളുടെയും ദീർഘദൂര ബസുകളുടെയും പെർമിറ്റുകൾ പുതുക്കി നൽകുക, വിദ്യാർഥി കൺസഷൻ നിരക്ക് വർധിപ്പിക്കുക, ജിപിഎസ്‌, സ്‌പീഡ്‌ ഗവർണർ, കാമറ തുടങ്ങിയ ഉപകരണങ്ങൾ ബസിൽ സ്ഥാപിക്കണമെന്ന നിർദേശം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം.