ബ്രിട്ടനിലെ കൊവിഡ് ഇന്ത്യയിലും; ആറ് പേർക്ക് രോഗ ബാധയെന്ന് ആരോഗ്യ മന്ത്രാലയം, കേരളത്തിലും ജാഗ്രത



ബ്രിട്ടനിലെ കൊവിഡ് ഇന്ത്യയിലും സ്ഥിരീകരിച്ചു. അതിവേഗം പടരുന്ന ജനിതക മാറ്റമുളള കൊവിഡാണ് ഇന്ത്യയിലും കണ്ടെത്തിയിരിക്കുന്നത്. ആറ് പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇവർ ആറ് പേരും ബ്രിട്ടനിൽ നിന്ന് എത്തിയവരാണ്. രാജ്യത്ത് ആകെ 200 പേർ നിരീക്ഷണത്തിലാണ്ബംഗളുരുവിലെ നിംഹാൻസിൽ ചികിത്സയിലുളള മൂന്ന് പേർക്കും, ഹൈദരാബാദ് സി സി എം ബിയിൽ ചികിത്സയിലുളള രണ്ട് പേർക്കും, പുനെ എൻ ഐ വിയിൽ ചികിത്സയിലുളള ഒരാൾക്കുമാണ് പുതിയ വകഭേദമുളള വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്.പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് വൈറസ് വകഭേദം ഇന്ത്യയിലുമെത്തിയതായി കണ്ടെത്തിയത്. യു കെയിൽ നിന്ന് മടങ്ങിയെത്തിയ നിരവധി വിമാനയാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ എല്ലാവരെയും പുതിയ വൈറസ് ബാധിച്ചോ എന്ന പരിശോധന നടത്തുന്നുണ്ട്. അതേസമയം, രാജ്യത്ത് കൊവിഡ് വാക്‌സിൻ കുത്തിവയ്‌പ്പിനുളള പരിശീലനം ഏതാണ്ട് പൂർത്തിയായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.കേരളത്തിലും അതീവ ജാഗ്രത നിർ‌ദേശമാണ് ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. ബ്രിട്ടനിൽ നിന്നെത്തിയ 18 പേർ‌ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ജനിതക മാറ്റം വന്ന കൊവിഡ് ആണോയെന്ന് പരിശോധിക്കാനുളള നടപടികൾ ആരംഭിച്ചിട്ടുണ്ട്.