കോഴിക്കോട് ചെറുവണ്ണൂരിൽ വൻ തീപിടിത്തം, തീ നിയന്ത്രണ വിധേയമാക്കി


ചെറുവണ്ണൂർ, കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപത്തെ ആക്രി സംഭരണ കേന്ദ്രത്തിൽ ഉണ്ടായ തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കി. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു ആണ് അറിയിച്ചു.അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.മറ്റ് ജില്ലകളിൽ നിന്ന് അഗ്നിശമന യൂണിറ്റുകളെ വിളിച്ചുവരുത്തിയിരുന്നു. തീപിടിത്തം ഉണ്ടായ ഉടൻ പൊലീസ് സമീപത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ എടുത്തുമാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി.മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടർന്നിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തമുണ്ടായ കെട്ടിടത്തിന് ലൈസന്‍സ് ഇല്ലായിരുന്നുവെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അറിയിച്ചു. തീപിടിത്തം ഉണ്ടായിരുന്ന സമയത്ത് പതിനഞ്ചോളം പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നുവെന്നും, കൃത്യസമയത്ത് എല്ലാവരെയും സ്ഥലത്തുനിന്ന് മാറ്റാൻ സാധിച്ചെന്നും മേയർ കൂട്ടിച്ചേർത്തു..