വിദ്യാര്‍ഥികളുടെ യാത്ര നിരക്കില്‍ മാറ്റമില്ലെന്നും എല്ലാ സ്വകാര്യ ബസുകളിലും 2020 ജൂലൈയില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്ന പ്രകാരമുള്ള കണ്‍സഷന്‍ അനുവദിക്കണമെന്നും ഗതാഗതമന്ത്രിയുടെ നിര്‍ദേശം.



*തിരുവനന്തപുരം:* വിദ്യാര്‍ഥികളുടെ യാത്ര നിരക്കില്‍ മാറ്റമില്ലെന്നും എല്ലാ സ്വകാര്യ ബസുകളിലും 2020 ജൂലൈയില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്ന പ്രകാരമുള്ള കണ്‍സഷന്‍ അനുവദിക്കണമെന്നും ഗതാഗതമന്ത്രിയുടെ നിര്‍ദേശം. ജൂലൈയിലെ ഉത്തരവനുസരിച്ച്‌ 2.5 കിലോമീറ്ററിന്​ ഒരു രൂപയും 7.5 കി. മീ വരെ രണ്ടു രൂപയും 12.5 കീ. മീ വരെ മൂന്നു രൂപയുമാണ്​ നിരക്ക്​.


സര്‍ക്കാര്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിച്ച 10, 12, ഡിഗ്രി അവസാന വര്‍ഷം, പോസ്​റ്റ്​ ഗ്രാജ്വേറ്റ്, പ്രഫഷനല്‍ കോളജ്, സാങ്കേതിക പരിശീലന വിഭാഗം വിദ്യാര്‍ഥികള്‍ക്കാണ് ഇപ്പോള്‍ കണ്‍സഷന്‍ ടിക്കറ്റ് ലഭിക്കുന്നത്. വിദ്യാര്‍ഥികള്‍ അവരുടെ വിദ്യാലയങ്ങള്‍ നല്‍കുന്ന ഐ.ഡി കൈവശം സൂക്ഷിക്കണം. സ്വകാര്യ ബസുകള്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ടിക്കറ്റ് നിഷേധിക്കുന്നതായി വിവിധയിടങ്ങളില്‍നിന്ന് കഴിഞ്ഞ ദിവസം തന്നെ പരാതികള്‍ ഉയര്‍ന്നത് സര്‍ക്കാറി​െന്‍റ ശ്രദ്ധയില്‍പെട്ടിരുന്നു. തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതപ്പെട്ട കണ്‍സഷന്‍ ടിക്കറ്റ് ലഭിക്കുന്നെന്ന് ഉറപ്പുവരുത്താന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ ഗതാഗത കമീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.