കൊവിഡ് ലോക് ഡൗൺ കാലത്ത് ആരേയും പട്ടിണിക്കിടാത്ത സർക്കാരാണിതെന്ന് ഗവർണർ
തിരുവനന്തപുരം : 14ാം നിയമസഭയുടെ 22ാം സമ്മേളനത്തിന് തുടക്കമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷത്തെ ഗവർണർ രൂക്ഷമായി വിമർശിച്ചു. ഭരണഘടനാ പരമായ തന്റെ ഉത്തരവാദിത്വം നിർവ്വഹിക്കാൻ അനുവദിക്കണമെന്ന് ഗവർണർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.
രാവിലെ 9ന് സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം സഭ തടസ്സപ്പെടുത്താൻ ശ്രമം തുടങ്ങിയെങ്കിലും നയപ്രഖ്യാപന പ്രസംഗം തുടർന്നു. കൊവിഡ് മഹാമാരിയുടെ ലോക് ഡൗൺ കാലത്ത് ആരേയും പട്ടിണിക്കിടാത്ത സർക്കാരാണിതെന്ന് ഗവർണർ പറഞ്ഞു. ഏറെ വെല്ലുവിളികൾ നേരിട്ട സർക്കാരാണിത്.മുന്നോട്ടുള്ള പാതയും ദുർഘടമാണ്. അതിനെയും മറികടക്കാൻ കഴിയും . കോവിഡ് രോഗം സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചു. കോവിഡ് രോഗികളുടെ എണ്ണം കുറയ്‌ക്കാൻ കഴിയണം. കോവിഡിനെ നേരിടാൻ നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ചു. 20000 കോടിയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ച ആദ്യ സർക്കാരാണിത്.നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് കോവിഡിനെ നേരിട്ടു.
തദ്ദേശഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് മികച്ച പ്രവർത്തനമാണ് ആരോഗ്യ, റവന്യൂ, പൊലീസ് വിഭാഗങ്ങൾ നടത്തിയത്. പകർച്ചവ്യാധി നിയന്ത്രണനിയമം കൊണ്ടുവന്ന് പാസ്സാക്കി. ടെസ്റ്റിംഗിന് കൃത്യമായി എല്ലാ ജില്ലകളിലും സജ്ജീകരിച്ചു. ദിശ ഹെൽപ് ലൈനുകൾ തുറന്നു. ക്വാറന്‍റീനിലുള്ളവർക്കും, ചികിത്സയിലുള്ളവർക്കും, അതിഥിത്തൊഴിലാളികൾക്കും, മുതിർന്ന പൗരൻമാർക്കും, അടിയന്തരസഹായം ആവശ്യമുള്ളവർക്കും കൃത്യമായ പിന്തുണ നൽകി. ആശ, അങ്കണവാടി പ്രവർത്തകരുടെ സേവനം അതുല്യമായിരുന്നു.
സർക്കാരിന്റെ അഭിമാന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ കേന്ദ്ര ഏജൻസികൾ തടസ്സം നിൽക്കുന്നു .കൊവിഡ് മൂലം ഉള്ള സാമ്പത്തിക മാന്ദ്യം നേരിടാൻ ഉള്ള കേന്ദ്ര സഹായം പോരാ. ജിഎസ്‍ടി നഷ്ടപരിഹാരം ലഭിക്കാൻ ഇനിയും 2023 വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. കടമെടുപ്പ് പരിധി കൂട്ടാൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. പ്രതിസന്ധി കാലത്ത് ഇത്തരത്തിൽ ആശയക്കുഴപ്പങ്ങളുണ്ടാകുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്
തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതാണ്. 2 ലക്ഷത്തിലേറെ പേർക്ക് അടച്ചുറപ്പുള്ള വീടുകൾ സർക്കാർ നൽകി. ദുരിത കാലത്ത് സന്നദ്ധ പ്രവർത്തകരുടെ സേവനം പ്രശംസനീയമാണ്.
പൗരത്വനിയമം കൊണ്ടുവന്ന കാലം മുതൽ മതേതരത്വം സംരക്ഷിക്കണമെന്ന് പല തവണ ആവശ്യമുന്നയിച്ച, അതിന് വേണ്ടി നിലനിന്ന സർക്കാരാണ് കേരളത്തിലേത്. സഹകരണമനോഭാവത്തോടെ കേന്ദ്രവും സംസ്ഥാനങ്ങളും മുന്നോട്ട് പോകണമെന്നത് സംസ്ഥാനസർക്കാരിന്‍റെ പ്രഖ്യാപിത നിലപാടാണ്.
കാർഷിക നിയമം കേരളത്തിന് തിരിച്ചടിയാണ്. താങ്ങുവില ഇല്ലാതാക്കുന്നത് അപലപനീയം .കുത്തകകളെ സഹായിക്കുന്നതാണ് കാർഷിക നിയമത്തിലെ വ്യവസ്‌ഥകളെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌ക്കരിച്ചു.സഭാ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.


0 അഭിപ്രായങ്ങള്