വിവാഹിതരായ യുവതികള്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായവുമായി സര്‍ക്കാര്‍ ; ഇപ്പോള്‍ അപേക്ഷിക്കാം O8.02.2021


 കേരളത്തിലെ മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ യുവതികള്‍ക്ക് ധനസഹായവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന മുന്നാക്ക സമുദായ കോര്‍പ്പറേഷന്റെ 'മംഗല്യസമുന്നതി' പദ്ധതിയനുസരിച്ചാണ് ധനസഹായം വിതരണം ചെയ്യുന്നത്. പെണ്‍കുട്ടിക്ക് 22 വയസോ അതിന് മുകളിലോ പ്രായമുണ്ടായിരിക്കണം.

സംവരണേതര വിഭാഗങ്ങളില്‍പെടുന്ന യുവതികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷംരൂപയില്‍ കൂടാന്‍ പാടില്ല. പെണ്‍കുട്ടികള്‍ എഎഐ, മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡ് ഉടമകളായിരിക്കണം. വിവാഹിതയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്

വിവാഹ ധനസഹായമായി ഒരു ലക്ഷം രൂപവരെ ലഭിക്കും. 2020 ഏപ്രില്‍ ഒന്നിനുശേഷം വിവാഹിതരായവര്‍ക്കാണ് ധനസഹായത്തിനുള്ള അര്‍ഹത.

ലഭ്യമാകുന്ന അപേക്ഷകളില്‍നിന്ന് ഏറ്റവും കുറഞ്ഞ വരുമാനമുള്ള 100 പേര്‍ക്കാണ് ധനസഹായം ലഭിക്കുക. ഇത് അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. അപേക്ഷാ ഫോമിന്റെ മാതൃകയും വിശദവിവരങ്ങളും www.kswcfc.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. വെബ്സൈറ്റില്‍നിന്ന് അപേക്ഷ ഫോം ഡൗണ്‍ ലോഡ് ചെയ്തെടുക്കാം. ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിവാഹക്ഷണക്കത്ത്, ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

നിര്‍ദിഷ്ട രേഖകള്‍ സഹിതം അപേക്ഷ സംസ്ഥാന മുന്നാക്ക സമുദായ കോര്‍പ്പറേഷന്റെ ഓഫിസില്‍ നേരിട്ട് സമര്‍പ്പിക്കുകയോ അല്ലെങ്കില്‍ തപാല്‍ വഴി അയയ്ക്കുകയോ ചെയ്യാം. ഈ മാസം 19 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 'കേരള സംസ്ഥാന മുന്നാക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍, L2, കുലീന, TC9/476, ജവഹര്‍ നഗര്‍, കവടിയാര്‍ പി.ഒ., തിരുവനന്തപുരം-695003' എന്ന വിലാസത്തിലേക്കാണ് അപേക്ഷ അയക്കേണ്ടത്.