ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞു.


ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു; നദികള്‍ കരകവിഞ്ഞു, 150ഓളം തൊഴിലാളികളെ കാണാനില്ല; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  സംഭവസ്ഥലത്തേക്ക് തിരിച്ചു



ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞു. തപോവന്‍ മേഖലയിലാണ് മഞ്ഞുമല ഇടിഞ്ഞത്. ഗംഗ, അളകനന്ദ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ശ്രീനഗർ - ഋഷികേശ് അണക്കെട്ട് തുറന്നു.

 പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളായ ഋഷികേശും ഹരിദ്വാറും അതീവ ജാഗ്രതയിലാണ്. ഋഷി ഗംഗ ജല വൈദ്യുതി പദ്ധതി ഭാഗികമായി തകര്‍ന്നു. ഇവിടെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന 150ഓളം തൊഴിലാളികളെ കാണാതായി. പത്തു മൃതദേഹങ്ങൾ കണ്ടെത്തി. നദികളുടെ കരയില്‍ കഴിയുന്നവരോട് എത്രയുംവേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയും ഐടിബിപി ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വ്യോമസേനയുടെ മൂന്ന് ഹെലികോപ്പ്റ്ററും രക്ഷാപ്രവർത്തനത്തിനുണ്ട്.


അതേസമയം, പഴയ ദൃശ്യങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അറിയിച്ചു. അളകനന്ദ നദിയിലെ ജലനിരപ്പ് സാധാരണയില്‍ കഴിഞ്ഞ് ഒരു മീറ്റര്‍ കൂടിയതായും അദ്ദേഹം പറഞ്ഞു. മഞ്ഞുമല ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് ദൗലിഗംഗയിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. സമീപപ്രദേശങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലും മിര്‍സപുരിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.