കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി അന്തരിച്ചു
കോഴിക്കോട്:കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ (105) അന്തരിച്ചു. കൊയിലാണ്ടിയിൽ ചേലിയയിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന അതുല്യ പ്രതിഭയാണ് ഗുരു. ഇഷ്ടവേഷം കൃഷ്ണനാണ്. ദുര്യോധന വധം, കുചേലവൃത്തം, സന്താനഗോപാലം, രുക്മിണീസ്വയംവരം തുടങ്ങിയ കഥകളിൽ കൃഷ്ണനായി അവതരിച്ച് കുഞ്ഞിരാമൻ നായർ കലാപ്രേമികളുടെ ഹൃദയംകവർന്നു. 1983 ഏപ്രിൽ 23-ന് ചേലിയയിൽ കഥകളിയുടെ പോഷണത്തിന് കഥകളിവിദ്യാലയം സ്ഥാപിച്ചു.
2017 ൽ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചു. 1979-ലെ കേരള സംഗീത നാടക അക്കദമി അവാർഡ്, 1999-ൽ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, 2001-ൽ കലാരംഗത്തെ വിശിഷ്ടസേവനത്തിന് കലാമണ്ഡലം അവാർഡ്, 2002-ൽ കലാദർപ്പണം നാട്യ കുലപതി അവാർഡ്, മയിൽപ്പീലി പുരസ്കാരം, കേരള കലാമണ്ഡലം കലാരത്നം അവാർഡ് തുടങ്ങിയവയാണ് ലഭിച്ച മറ്റ് അംഗീകാരങ്ങൾ.
ഗുരുവിനെ മുഖ്യകഥാപാത്രമായി നിർമിച്ച സിനിമയാണ് മുഖംമൂടികൾ. ജീവിതം മുഴുവൻ കഥകളിക്കായി ഉഴിഞ്ഞുവെച്ച കഥകളിയാചാര്യനായിട്ടാണ് അദ്ദേഹം വേഷമിട്ടത്. ഗുരുവിന്റെ ആത്മകഥ(ജീവിത രസങ്ങൾ) മാതൃഭൂമി ബുക്സാണ് പ്രസിദ്ധീകരിച്ചത്.


0 അഭിപ്രായങ്ങള്‍