ആഡംബര സ്വകാര്യബസുകൾക്ക്: ഇനി സംസ്ഥാനത്തിന്റെ അനുമതി വേണ്ടാ.      

                 

തിരുവനന്തപുരം:


 സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ സ്വകാര്യ ആഡംബര ബസുകൾക്ക് യഥേഷ്ടം ഓടാൻ അനുമതി നൽകി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. അംഗീകൃത ടൂർ ഓപ്പറേറ്റർമാർക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നൽകുന്ന ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് എടുത്താൽ രാജ്യത്ത് എവിടെയും ബസ് ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങൾ ഓടിക്കാം. ഓരോ സംസ്ഥാനങ്ങളിലും പ്രത്യേകം അനുമതി വാങ്ങേണ്ടതില്ല. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ അപേക്ഷിച്ചാൽ അംഗീകൃത ടൂർ ഓപ്പറേറ്റർമാർക്കെല്ലാം പെർമിറ്റ് ലഭിക്കും.


23 സീറ്റിൽ കൂടുതലുള്ള എ.സി. ബസിന് മൂന്നുലക്ഷം രൂപയും നോൺ എ.സി.ക്ക് രണ്ടുലക്ഷം രൂപയും വാർഷിക പെർമിറ്റ് ഫീസ് നൽകണം. 10 മുതൽ 23 വരെയുള്ള സീറ്റുകളുള്ള എ.സി. വാഹനങ്ങൾക്ക് 75,000 രൂപയും നോൺ എ.സിക്ക് അരലക്ഷം രൂപയും നൽകണം.


പെർമിറ്റ് വിതരണത്തിലൂടെ കേന്ദ്രത്തിനു ലഭിക്കുന്ന തുക ജി.എസ്.ടി. മാതൃകയിൽ സംസ്ഥാനങ്ങൾക്ക് വീതംെവക്കും. ഒാരോ വാഹനങ്ങളിൽനിന്നും പ്രത്യേകം നികുതി ഈടാക്കിക്കൊണ്ടിരുന്ന നിലവിലെ വ്യവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ സംസ്ഥാനങ്ങളുടെ വരുമാനം ഗണ്യമായി ഇടിയും. എന്നാൽ, ഇത് വിനോദ സഞ്ചാരമേഖലയ്ക്ക് ഗുണകരമാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.


കെ.എസ്.ആർ.ടി.സി.ക്ക് തിരിച്ചടി.


പുതിയ ഭേദഗതി അന്തസ്സംസ്ഥാന പാതകളിൽ അനധികൃതമായി ഓടുന്ന ആഡംബര ബസ് ഓപ്പറേറ്റർമാർ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നതാണ് കെ.എസ്.ആർ.ടി.സിക്കു ഭീഷണിയാകുന്നത്. റോഡ് നികുതി തീരെക്കുറവായ നാഗാലാൻഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന ബസുകളാണ് സംസ്ഥാനത്തേക്കു ഓടുന്നത്. ഓൾഇന്ത്യാ പെർമിറ്റ് എടുത്താൽ സംസ്ഥാനത്ത് പ്രത്യേകം പെർമിറ്റ് എടുക്കേണ്ടതില്ല.


സ്റ്റോപ്പുകളിൽനിന്ന് യാത്രക്കാരെ കയറ്റുന്നതും പ്രത്യേകം ടിക്കറ്റ് നൽകുന്നതും സ്റ്റേജ് ക്യാരേജ് നിയമത്തിന്റെ ലംഘനമാണെന്നു കാണിച്ചാണ് ഇപ്പോൾ കേസെടുക്കുന്നത്. എന്നാൽ, ഓൾ ഇന്ത്യാ പെർമിറ്റിലൂടെ ഇത് മറികടക്കാം. ഫലത്തിൽ അന്തസ്സംസ്ഥാന പാതകളിൽ കെ.എസ്.ആർ.ടി.സി.ക്ക് വൻ തിരിച്ചടിയുണ്ടാകും.


കേരളം, തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. കഴിഞ്ഞ ജൂലായിലാണ് കരട് പ്രസിദ്ധീകരിച്ചത്. ഏപ്രിൽ ഒന്നുമുതൽ പുതിയ വ്യവസ്ഥ നടപ്പാകും.