രാത്രി യാത്രകളില്‍ ഹെഡ്‌ലൈറ്റ് ഡിം ചെയ്യൂ; സുരക്ഷയുടെ സന്ദേശവുമായി വീണ്ടും കേരള പോലീസ്.

രാത്രി യാത്രകളിലെ അപകടങ്ങൾ ഒഴിവാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് കേരളത്തിലെ മോട്ടോർ വാഹന വകുപ്പും പോലീസും. ഇതിനായി സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചും നേരിട്ടുമുള്ള ബോധവത്കരണങ്ങൾ ദിവസേന എന്നോണം നടക്കുന്നുണ്ട്. രാത്രി യാത്രയിലെ അപകടങ്ങൾ ഒഴിവാക്കാൻ പ്രധാനമായും നിർദേശിക്കുന്നത് എതിരേ വരുന്ന വാഹനങ്ങൾക്കായി ഹെഡ്ലൈറ്റ് ഡിം ചെയ്യുക എന്നതാണ്.


എന്നാൽ, നിർഭാഗ്യവശാൽ ഭൂരിഭാഗം ആളുകളും ഇത് പാലിക്കാറില്ലെന്നതാണ് യാഥാർഥ്യം. രാത്രി യാത്രയിൽ വാഹനത്തിലെ ഹെഡ്ലൈറ്റ് ഡിം ചെയ്യുന്നതിനുള്ള ആവശ്യകത ഒരിക്കൽ കൂടി വിശദീകരിക്കുകയാണ് കേരളാ പോലീസ്. ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസിന്റെ ബോധവത്കരണ സന്ദേശം.


രാത്രിയിൽ വാഹനം ഓടിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് എതിർദിശയിൽ വരുന്ന വാഹനത്തിന്റെ ഹെഡ്ലൈറ്റിൽ നിന്നുള്ള പ്രകാശം. ഹൈ-ബീം ഹെഡ്ലൈറ്റുകളുടെ പ്രകാശം കണ്ണിൽ പതിച്ച് ഡ്രൈവറുടെ കാഴ്ച മറഞ്ഞ് സംഭവിക്കുന്ന അപകടങ്ങൾ ഓരോ ദിവസവും വർധിച്ച് വരികയാണ്. ഇത് തടയുന്നതിനായാണ് പോലീസ് മുന്നിട്ടിറങ്ങിയിരിക്കുന്നത്.


മോട്ടോർ വാഹന നിയമപ്രകാരം രാത്രികാലങ്ങളിൽ വാഹനമോടിക്കുമ്പോൾ ഡിം ലൈറ്റ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. രാത്രിയിൽ വളവ് തിരിയുമ്പോഴും ഓവർടേക്ക് ചെയ്യുമ്പോഴും ഡിം-ബ്രൈറ്റ് മോഡുകൾ ഇടവിട്ട് ചെയ്യണമെന്നും പോലീസ് നിർദേശിക്കുന്നു. ഇതുവഴി എതിരേ വരുന്ന വാഹനങ്ങൾ മറ്റ് വാഹനങ്ങളുടെ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കും.


രാത്രിയിൽ വാഹനവുമായി ഇറങ്ങുന്നവർ ഹെഡ്ലൈറ്റ് ഡിം ചെയ്യുന്നതിന്റെ ആവശ്യകത നിർദേശിക്കുന്ന വീഡിയോ അടുത്തിടെ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയിരുന്നു. നിരത്തുകളിലുള്ള ഒരോ വാഹനവും ഒരോ കുടുംബമാണ്. നിങ്ങളുടെ അമിതവെളിച്ചം അവരെ ഇരുട്ടിലാക്കരുതെന്ന സന്ദേശമാണ് മോട്ടോർ വാഹനവകുപ്പ് നൽകുന്നത്.