കര്‍ശന പൊലീസ് പരിശോധന,കേരളത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു,  വാക്സിനേഷനും വര്‍ധിപ്പിക്കും



തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളവും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മാസ്ക് - സാമൂഹിക അകലം ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. 2021 ഏപ്രിൽ 8  മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടാനും നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നഎല്ലാ പോളിങ് ഏജന്റുമാര്‍ക്കും കൊവിഡ് പരിശോധന നടത്തും. സംസ്ഥാനത്ത് വാക്സിനേഷന്‍ വര്‍ധിപ്പിക്കും. തദ്ദേശസ്ഥാപനങ്ങള്‍/ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരെ പങ്കാളികളാക്കാനും കൊവിഡ് കോര്‍- കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.

കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരു‍വില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി.

കൂടുതല്‍ മേഖലകളില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ധര്‍ണകളും റാലികളും പൂര്‍ണമായും നിരോധിച്ചു. ജനവാസ മേഖലകളിലെ ജിമ്മുകളും, സ്വിമ്മിംഗ് പൂളുകളും അടച്ചിടും. പ്രദേശത്ത് പരിശോധനയും നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്.

കൊവിഡ്: ഒരാഴ്ച കടുത്ത ജാഗ്രത വേണമെന്ന് തിരുവനന്തപുരം കളക്ടര്‍

കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ അടുത്ത ഒരാഴ്ച കര്‍ശന ജാഗ്രത വേണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പല ഭാഗങ്ങളിലും ആള്‍ക്കൂട്ടമുണ്ടായ സാഹചര്യത്തില്‍, പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നു കളക്ടര്‍ അഭ്യര്‍ഥിച്ചു.

കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗത്തിലാണു തീരുമാനങ്ങള്‍. തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഏര്‍പ്പെട്ടവരില്‍ ചുമയോ പനിയോ മറ്റു ശാരീരിക അസ്വസ്ഥതകളോ തോന്നുന്നവര്‍ നിര്‍ബന്ധമായും രണ്ടു ദിവസത്തിനകം ടെസ്റ്റ് നടത്തിയിരിക്കണം. മറ്റുള്ളവര്‍ എത്രയും പെട്ടെന്ന് പരിശോധനയ്ക്കു വിധേയരാകണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.